മാടപ്പള്ളിയില്‍ നിയസഭ ബഹിഷ്‌ക്കരിച്ചു പ്രതിപക്ഷം

തിരുവനന്തപുരം: കെ.റെയില്‍ കല്ലിടീലുമായി ബന്ധപ്പെട്ട് ചങ്ങനാശേരി മാടപ്പള്ളിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. സില്‍വര്‍ലൈന്‍ പാതയ്ക്കായി സമാധാനപരമായി കല്ലിടുമെന്ന ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെവെന്നു ആരോപിച്ച പ്രതിപക്ഷം പോലീസ് നടപടികളില്‍ പ്രതിഷേധിച്ചാണ് സഭയില്‍ നിന്ന് ഇറങ്ങിപോയത്.
മാടപ്പള്ളിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നവര്‍ക്കെതിരെ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സമാധാനപരമായി വിഷയം കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയ്ക്കു നല്‍കിയ ഉറപ്പിന്റെ ലംഘനമാണിത്. വനിതാ പോലീസ് ഇല്ലാതെ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയാണ്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള നടപടികളെ എതിര്‍ക്കും. പ്രതിഷേധിക്കുന്ന ആളുകളെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നു. കുടിയൊഴിപ്പിക്കുന്നവരുടെ പ്രതിഷേധമാണ് നടക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്തിനു പദ്ധതി താങ്ങാനാകില്ല എന്ന തിരിച്ചറിവിന്റെ സമരമാണിത്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും ഈ സമരത്തെ ഏറ്റെടുക്കും. ശനിയാഴ്ച മുതല്‍ പദ്ധതിക്കെതിരെ യുഡിഎഫിന്റെ ജനകീയ സദസുകള്‍ ആരംഭിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
എന്നാല്‍ കെറെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായി നടക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ അക്രമസമരങ്ങളില്‍നിന്ന് പ്രതിപക്ഷം പിന്‍വാങ്ങണമെന്നും, പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയാണെന്നും മറുപടി പറഞ്ഞു. വലിയ പ്രതിഷേധം ഉയരുന്നില്ല. പ്രകോപനത്തിനു ശ്രമിക്കുന്നത്പ്രതിപക്ഷമാണ്. തെറ്റായ ഇടപെടലും പോലീസിനെ ആക്രമിക്കലും ഉദ്യോഗസ്ഥരെ തടയലും സംഭവിക്കുന്നു. ഇത്തരം നടപടികളില്‍നിന്ന് പ്രതിപക്ഷം പിന്‍വാങ്ങണം. പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. അവരുടെ ഇടയില്‍ തന്നെ ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുത്. അത് നാടിന് വിനാശകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *