പ്രതിപക്ഷ നേതാവിനും വേദിയിൽ ഇരിപ്പിടം, ലിസ്റ്റ് കാണിച്ച് മന്ത്രി; ‘ഗവർണർക്ക് പോലും പ്രസംഗിക്കാൻ അനുമതിയില്ല’

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങില്‍നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിട്ടുനില്‍ക്കുന്നതില്‍ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. പ്രധാനമന്ത്രിയുടെ ഓഫീസാണ് ആരൊക്കെയാണ് വേദിയില്‍ പ്രസംഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതെന്നും ഗവര്‍ണര്‍ക്ക് പോലും പ്രസംഗിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്റേത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് അടക്കം കാണിച്ചുകൊണ്ടായിരുന്നു വിഎന്‍ വാസവന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച ലിസ്റ്റില്‍ പ്രതിപക്ഷ നേതാവിന്റെ പേര് ഒമ്പതാമതായി ഉണ്ട്. വേദിയിലിരിക്കാനുള്ള പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയത്. പ്രതിപക്ഷ നേതാവിനും വേദിയില്‍ ഇരിപ്പിടമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഈ വിവരം ലഭിച്ചശേഷമെ പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി ക്ഷണിക്കാന്‍ കഴിയുമായിരുന്നുള്ളു.

അതിനുമുമ്പായി ചടങ്ങിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ പേരടക്കം ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയത്. മൂന്നുപേര്‍ക്ക് മാത്രമാണ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കാന്‍ അവസരമുള്ളത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പിന്നെ സ്വാഗതം തനിക്കും മാത്രമാണ് പ്രസംഗിക്കാന്‍ അവസരമുള്ളത്. ഗവര്‍ണര്‍ക്ക് പോലും സംസാരിക്കാന്‍ അവസരമില്ല. ഇതാണ് പരിപാടിയുടെ പ്രോട്ടോക്കോളെന്നും പ്രതിപക്ഷ നേതാവിന്റേത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. 17 പേര്‍ക്കാണ് വേദിയിലിരിക്കാന്‍ അനുമതിയുള്ളതെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

അയ്യായിരത്തിലധികം തൊഴിലവസരങ്ങള്‍’

ആകാശത്തോളം അഭിമാനം എന്ന് പറയാന്‍ കഴിയുന്ന സന്തോഷകരമായ നിമിഷമാണിതെന്ന് വിഎന്‍ വാസവന്‍ പറഞ്ഞു. നാടിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന ചരിത്ര മുഹൂര്‍ത്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ട്രയല്‍ റണ്‍ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിലും കൂടുതല്‍ കപ്പലുകളെത്തി. വിഴിഞ്ഞത്തേക്കുള്ള റോഡ് -റെയില്‍ അനുബന്ധ സൗകര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. 10.5 കിലോമീറ്റര്‍ റെയില്‍ പാതയില്‍ 9.2 കിലോമീറ്റര്‍ തുരങ്കപാതയാണ്. ഇതുസംബന്ധിച്ച് ഡിപിആര്‍ തയ്യാറാക്കുകയും കേന്ദ്ര റെയില്‍വെ മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തു.

കഴിഞ്ഞ മാര്‍ച്ചിലാണ് പാരിസ്ഥിതികാനുമതി ലഭിച്ചത്. ഇപ്പോള്‍ ഭൂമിയേറ്റെടുക്കലിലേക്കും കടന്നു. മറ്റൊന്ന് റോഡ് കണക്ടിവിറ്റിയാണ്. താല്‍ക്കാലികമായുള്ള പരിഹാരമടക്കം കണ്ടെത്തിയിട്ടുണ്ട്. റിങ് റോഡിന്റെ കാര്യത്തിലടക്കം ബജറ്റില്‍ തുക വകയിരുത്തി പുനലൂരിനെയും കൊല്ലത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കു നടപ്പാക്കുക. 5000ത്തിലധികം തൊഴിലവസരങ്ങള്‍ നേരിട്ടും ആയിരകണക്കിന് തൊഴിലവസരങ്ങള്‍ പരോക്ഷമായും ഉണ്ടാകുമെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *