ഒരു ഭരണ നേട്ടമെങ്കിലും പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: ഒരു ഭരണ നേട്ടമെങ്കിലും പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്രയും മോശപ്പെട്ട സര്‍ക്കാര്‍ ചരിത്രത്തിലില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വൈദ്യുതി ബോര്‍ഡിന്റെ കടമടക്കം പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം. യു ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഓണക്കാലത്ത് മാവേലി സ്റ്റോറില്‍ ഒരു സാധനവും ഉണ്ടായില്ല. സിവില്‍ സപ്ലൈസിന് ആയിരക്കണക്കിന് കോടിയുടെ ബാദ്ധ്യത. വൈദ്യുതി ബോര്‍ഡിന്റെ സ്ഥിതി അറിയാല്ലോ. ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നപ്പോള്‍ വൈദ്യുതി ബോര്‍ഡ് ലാഭത്തിലായിരുന്നു. അന്ന് ഒരു യൂണിറ്റിന് 20 പൈസ വച്ച് ഉപഭോക്താക്കള്‍ക്ക് കുറച്ചുകൊടുത്തു. ലാഭത്തിലായപ്പോള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുത്തു. അതുവരെയുള്ള കടങ്ങള്‍ തീര്‍ത്തു. 1957 മുതല്‍ 2016 വരെയുള്ള ഇലക്ടിസിറ്റിയുടെ കടം എത്രയാണെന്നറിയാമോ1083 കോടി രൂപ. 2016 മുതല്‍ 23 വരെയുള്ള ഈ ഏഴ് കൊല്ലം കൊണ്ടുള്ള വൈദ്യുതി ബോര്‍ഡിന്റെ കടമെത്രയാണെന്നറിയാമോനാല്‍പ്പതിനായിരം കോടി രൂപയാണ്. വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം, യു ഡി എഫ് സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ ജനങ്ങള്‍ വലഞ്ഞു. തമ്പാനൂര്‍, പാളയം, ബേക്കറി ജംഗ്ഷനിലടക്കം ഗതാഗതക്കുരുക്കുണ്ടായി. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ ഗേറ്റുകളും യു ഡി എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യു ഡി എഫിന്റെ പ്രധാന നേതാക്കളെല്ലാം ഇവിടേക്ക് എത്തിയിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു. അദ്ദേഹത്തെ മനസിലാകാതെയാണ് അനക്‌സ് രണ്ടിന് സമീപം തടഞ്ഞത്. വിഷയത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് നാണമില്ലേ നിങ്ങള്‍ക്കൊക്കെ തെണ്ടാന്‍ പോയിക്കൂടെ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *