മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ സി എ ജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്

കൊച്ചി: മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ സി എ ജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംസ്ഥാനത്തെ പല ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്തെന്നും ചില മരുന്നുകള്‍ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഗുണനിലവാര പരിശോധനയില്‍ ഗുരുതരമായ അലംഭാവമാണ്. ചാത്തന് മരുന്നുകള്‍ സുലഭമായിരിക്കുകയാണ്. പര്‍ച്ചേസിന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വിണ ജോര്‍ജും അംഗീകാരം നല്‍കിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയിലാണ് പണം തട്ടിയതെന്നും വി ഡി സതീശന് ആരോപിച്ചു. ‘കൊള്ളയാണ് നടക്കുന്നത്. ഇരുപത്തിയാറ് ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തു. മരുന്ന് കൊളളയില്‍ മുഖ്യമന്ത്രി പ്രതികരിക്കണം.
1610 ബാച്ച് മരുന്നുകള്‍ക്ക് കാലാവധി നിബന്ധന പാലിക്കപ്പെട്ടില്ല. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണം.അദ്ദേഹം ആരോപിച്ചു.മാസപ്പടി വിവാദത്തില്‍ ഇ ഡി അന്വേഷണം നടന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് മാത്യു കുഴല്നാടന് എം എല്‍ എ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളിപ്പിച്ചെന്ന വിഷയമാണ് പ്രധാനമെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.