കേരളത്തെ കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

ദില്ലി: കേരളത്തെ കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ല. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജന്‍സികള്‍ അവിടെ റെയ്ഡ് എന്ത് കൊണ്ട് നടത്തിയില്ല. ബിജെപിയും സിപിഎമ്മും തമ്മില്‍ ബന്ധമാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വര്‍ണക്കടത്ത് ആയുധമാക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ഫോര്‍മുല കേരളത്തില്‍ നടന്നു. തങ്ങളുടെ ആരോപണം ശരിയെന്ന് തെളിഞ്ഞു. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ കുഴല്‍പ്പണ കേസില്‍ കേരള സര്‍ക്കാര്‍ സഹായിച്ചു. സിപിഎം തോറ്റാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ബിജെപിക്ക് അറിയാം. അത് കൊണ്ട് സിപിഎമ്മിനെ സഹായിച്ചു. മുന്‍ തവണ കാഴ്ചവെച്ചതിനേക്കാള്‍ മോശം പ്രകടനമായിരിക്കും ഇത്തവണ ബിജെപി കാഴ്ച വെയ്ക്കുകയെന്നും സതീശന്‍ പറഞ്ഞു.

മുപ്പത്തി ഏട്ടാമത്തെ തവണയാണ് ലാവ്ലിന്‍ കേസ് മാറ്റി വയ്ക്കുന്നത്. സിബിഐ അഭിഭാഷകന്‍ ഹാജരാകുന്നില്ല. ഇത് സിപിഎം- സംഘപരിവാര്‍ ശക്തികള്‍ തമ്മിലുള്ള ധാരണയാണ്. രാജ്യത്ത് ക്രൈസ്തവ മതസ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിച്ചു. ഇതെല്ലാം മറച്ച് വെച്ച് സംഘപരിവാര്‍ കേക്കുമായി മതമേലധ്യക്ഷന്‍മാരെ കാണാന്‍ പോകുന്നു. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ ക്രൈസ്തവ സമൂഹം ആട്ടിയോടിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. മറിയക്കുട്ടി 86 വയസുള്ള വയോധികയാണ്. അവര്‍ ബിജെപി വിളിച്ചാലും കോണ്‍ഗ്രസ് വിളിച്ചാലും പരിപാടിക്ക് പോകും. അവരുടെ പ്രശ്‌നം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നില്ല എന്നതാണ്. മറിയകുട്ടി കേരളത്തിലെ മരുന്നും പെന്‍ഷനുമൊന്നും ലഭിക്കാത്തവരുടെ പ്രതീകമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *