മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവാദ ചോദ്യങ്ങള്‍ സഭയില്‍ എത്താതിരിക്കാന്‍ ഇടപെട്ടെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം മനപൂര്‍വ്വമാണെന്നും സതീശന്‍ ആരോപിച്ചു. ‘ആര്‍എസ്എസ് അജണ്ട പിവിയുടെ സ്‌ക്രിപ്റ്റ്’ എന്ന് എഴുതിയ ബാനറുമായി പ്രതിപക്ഷം സഭയുടെ അകത്തും പുറത്തും പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഒഴിവാക്കിയ സഭാ ടിവി വി ഡി സതീശന്റെ പ്രസംഗ ഭാഗവും വെട്ടി.

നിയമസഭയില്‍ അത്യസാധാരണമായ നാടകീയ രംഗങ്ങളാണ് ഇന്നുണ്ടായത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു. കാപട്യത്തിന്റെ മൂര്‍ത്തീ ഭാവമാണ് സതീശനെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് വി ഡി സതീശനും പറഞ്ഞു. മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പിണറായിയുടെ പരാമര്‍ശം ചെകുത്താന്‍ വേദം ഓതും പോലെയാണെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

പിന്നാലെയാണ് രൂക്ഷഭാഷയില്‍ പിണറായി വിജയന്‍ മറുപടി നല്‍കിയത്. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്നും തന്നെ അഴിമതിക്കാരനാക്കാന്‍ നോക്കെണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സമൂഹത്തിന് പിണറായി വിജയന്‍ ആരാണ് എന്നും സതീശന്‍ ആരാണ് എന്നും അറിയാം. പിണറായി വിജയന്‍ അഴിമതിക്കാരന്‍ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രിയും മറുപടി നല്‍കി.

പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കര്‍ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച 12 മണിക്ക് നടത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും വന്‍ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ അടിയന്തര പ്രമേയ ചര്‍ച്ച ഇന്ന് നടക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *