കോണ്‍ഗ്രസിന് എല്ലാ സമുദായങ്ങളോടും ഒരേ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന് എല്ലാ സമുദായങ്ങളോടും ഒരേ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിന് എല്ലാവരോടും മതേതര നിലപാടാണുള്ളതെന്നും നിലപാടില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ക്കാറില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പ സംഗമത്തില്‍ ഞങ്ങള്‍ പങ്കെടുത്തിരുന്നെങ്കില്‍ പിണറായി വിജയനേക്കാള്‍ വലിയ പരിഹാസ്യരാകുമായിരുന്നു. അത് മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തീരുമാനമാണ് യു ഡി എഫ് എടുത്തത്. അതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഞങ്ങളുടെ തീരുമാനം ശരിയാണെന്ന് വിശ്വസിക്കുന്നു. എന്‍ എസ് എസ് ഉള്‍പ്പടെയുള്ള സമുദായ സംഘടനകള്‍ക്ക് അവരുടേതായ തീരുമാനമെടുക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. അതില്‍ ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. തിരഞ്ഞെടുപ്പും ഇതുമായിട്ട് എന്താണ് ബന്ധം. ഇതൊക്കെ ഒരു വിഷയം വരുമ്പോഴുള്ള നിലപാടാണ്.

അവിടെ നടന്ന സംഗമം ഏഴ് നിലയില്‍ പൊട്ടിയപ്പോള്‍ ഞങ്ങളെടുത്ത തീരുമാനം ശരിയായെന്ന് എല്ലാവര്‍ക്കും മനസിലായി. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ജയിക്കുന്നതിന് പല കാര്യങ്ങളും ചെയ്യും. അതൊക്കെ അവരവരുടെ ഇഷ്ടം. അവര്‍ക്ക് ആരെ വേണമെങ്കിലും സ്വാധീനിക്കാം. അതിനൊക്കെ സ്വാതന്ത്ര്യമുള്ള സംസ്ഥാനമാണ് കേരളം. ആ പരിപാടി കഴിഞ്ഞതോടെ യു ഡി എഫിന്റെ തീരുമാനം ശരിയാണെന്ന് അടിവരയിട്ടു. അവിടെ എന്ത് കാപഠ്യമാണ് നടന്നതെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കപട ഭക്തനായി അഭിനയിക്കുകയായിരുന്നു. ജനങ്ങളെ പറ്റിക്കുകയായിരുന്നു. വിശ്വാസികളെ വഞ്ചിച്ചു. എന്‍ എസ് എസോ എസ് എന്‍ ഡി പിയോ മറ്റ് ഏതെങ്കിലും സമുദായ സംഘടനകളോ ആയിട്ട് കേരളത്തിലെ യു ഡി എഫിന് ഒരു തര്‍ക്കവുമില്ല.

അവര്‍ അവരുടെ നിലപാടെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് പരാതിയില്ല. ഞങ്ങള്‍ക്കൊരു നിലപാടുണ്ട്. ശബരിമലയില്‍ ആചാരലംഘനം നടത്തുന്ന സമയത്ത് ആചാരങ്ങളെ സംരക്ഷിക്കാനായി ഞങ്ങളല്ലേ ഉണ്ടായിട്ടുള്ളൂ.സര്‍ക്കാര്‍ എന്ത് വൃത്തികേടാണ് ചെയ്തത്. ആചാരലംഘനം നടത്തുന്നതിനായി പൊലീസിന്റെ പിന്‍ബലത്തോടെ രണ്ട് സ്ത്രീകളെ കൊണ്ടുവന്ന് ഇരുട്ടിന്റെ മറവില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ഇതെല്ലാം കേരളം കണ്ടതാണ്. അന്നത്തെ ആ നിലപാടില്‍ നിന്ന് എന്ത് മാറ്റം പിണറായി സര്‍ക്കാരിനുണ്ടായെന്നാണ് ഞങ്ങളുടെ ചോദ്യം. മാറ്റമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് സുപ്രീം കോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുകയാണ്. വിശ്വാസികള്‍ക്കെതിരായ കേസ് പിന്‍വലിക്കലാണ് രണ്ടാമത് ചെയ്യേണ്ടത്.’- അദ്ദേഹം പറഞ്ഞു.