തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സില്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. ധനാകാര്യ മാനേജ്‌മെന്റ് ഇടതുപക്ഷത്തിന് അറിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചപ്പോള്‍, പിണറായി സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാം ചാപിള്ളയെന്നായിരുന്നു കെ മുരളീധരന്റെ പ്രസംഗം. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷ നേതാവും വിമര്‍ശിച്ചു.
യുഡിഎഫ് വിചാരണ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂരിലെ ഫറോക്കില്‍ നിര്‍വഹിച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, നവ കേരള സദസിനെത്തിരെ ഹൈക്കോടതിയുടെ 4 ഉത്തരവുകള്‍ വന്നുവെന്ന് ചൂണ്ടിക്കാട്ടി. സ്‌കൂള്‍ ബസ് ഉപയോഗിക്കരുത് എന്ന് ആദ്യം, കുട്ടികളെ പങ്കെടുപ്പിക്കരുത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പണപ്പിരിവും ഹൈക്കോടതി തടഞ്ഞു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ വേദി മാറ്റേണ്ടി വന്നു. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ്. നാല് ഹൈക്കോടതി ഉത്തരവുകള്‍ ഈ അശ്ലീല നാടകത്തിന് എതിരെ ഉണ്ടായി. വൈദ്യുത വകുപ്പ് വന്‍ നഷ്ടത്തിലാക്കി. രണ്ട് തവണ വൈദ്യുത ബില്‍ കൂട്ടി. സപ്ലൈകോയില്‍ സാധനമില്ല. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി. നെല്ല് സംഭരണത്തിന്റെ തുക നല്‍കിയില്ല. എല്ലാ മേഖലയിലും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ്. ഒന്‍പത് സര്‍വകലാശാലകളിലും വൈസ് ചാന്‍സലര്‍മാരില്ല. 64 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരില്ല.
എസ്എഫ്‌ഐയുടെ നേതാക്കള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ത്തു. സുപ്രീം കോടതി വിധി വന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കുന്നില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്നത് നാടകമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഗവര്‍ണര്‍ വിസിക്ക് പുനര്‍നിയമനം നടത്തിയത്. കൊവിഡിന്റെ മറവില്‍ കാലാവധി കഴിയാറായ മരുന്നുകള്‍ വിതരണം ചെയ്തു. മരുന്ന് കമ്പനികളുമായി ദുരൂഹ ഇടപാടുകള്‍ നടത്തി. മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങുന്ന വകയില്‍ നടത്തിയത് വന്‍ തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതീകാത്മക ഇടപെടലാണ് യുഡിഎഫിന്റെ കുറ്റ വിചാരണ സദസെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൃദ്ധി നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ എന്ന പ്രതീതിയില്‍ ആണ് സര്‍ക്കാരിന്റെ നവ കേരള സദസ്സ്. ഒരു കാര്യവും ചെയ്യാതെ ഇത്ര കാലം ഇരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ കാണുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. നാല് മാസത്തെ കുടിശിക നില്‍ക്കെ, ഒരു മാസത്തെ പെന്‍ഷന്‍ തുക മാത്രം ആശ്രിതര്‍ക്ക് കൊടുത്തത് നവകേരള സദസ്സിന്റെ പേരിലാണ്. അസാമാന്യ തൊലിക്കട്ടിയാണ് ഇടത് സര്‍ക്കാരിന്. ഈ മന്ത്രിമാര്‍ക്ക് എല്ലാം പകരം ഞങ്ങളുടെ ഉമ്മന്‍ചാണ്ടി മാത്രം മതിയായിരുന്നു. ഉമ്മന്‍ചാണ്ടി എന്നും ജനക്കൂട്ടത്തിലായിരുന്നു. ജന സമ്പര്‍ക്കത്തില്‍ ഉമ്മന്‍ ചാണ്ടിയെ കണ്ട് ഒന്നും കിട്ടാതെ പോയ ആരും ഉണ്ടാകില്ല. ജനങ്ങളുടെ ഒരു ആനുകൂല്യവും നല്‍കാത്ത സര്‍ക്കാരാണിത്. നാട് മുഴുവന്‍ അസംതൃപ്തിയില്‍ നില്‍ക്കുമ്പോള്‍ പരാതി സ്വീകരിച്ച് വേണോ വല്ലതും നല്‍കാന്‍? യുഡിഎഫ് നവകേരള സദസ്സില്‍ നിന്ന് വിട്ടു നിന്നത് നല്ല കാര്യം എന്ന് മനസ്സിലായെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി നാട്ടില്‍ ആര്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയാണെന്ന് കൊല്ലത്തെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പറഞ്ഞു.
എറണാകുളം കളമശ്ശേരിയിലാണ് കെ മുരളീധരന്‍ എംപി യുഡിഎഫ് പരിപാടിയില്‍ സംസാരിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാം ചാപിള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പോലും നിലനില്‍പ്പില്ലാത്ത അവസ്ഥയാണ്. കോണ്‍ഗ്രസ് ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രം പണം നല്‍കുന്നില്ല. അവര്‍ ധൂര്‍ത്ത് ഒഴിവാക്കി പണം ഉണ്ടാക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ഇതല്ല സ്ഥിതി. സമ്പന്നന്മാര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന യാത്രയാണ് നവ കേരള സദസ്സ്. കേരളത്തില്‍ ആരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായി? മന്ത്രിമാര്‍ക്ക് കാര്യങ്ങള്‍ പറയാന്‍ രാവിലെ പ്രഭാത നടത്തവും ചാനലുകാരും വേണം. മുഖ്യമന്ത്രി വേദിയില്‍ പരാതി പറയാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാല്‍ ചുവപ്പു കണ്ട പോത്തിന്റെ അവസ്ഥയാണ്. ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ വേണ്ട രീതിയില്‍ കാണാന്‍ അറിയാം. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ആദരമര്‍പ്പിക്കാന്‍ മന്ത്രിമാര്‍ പോയില്ല. പത്തനംതിട്ടയിലെ മന്ത്രി വീണ ജോര്‍ജ് പോലും പോയില്ല. സര്‍ക്കാര്‍ ചെയ്തത് അനാദരവ് കാണിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിന്റെ എഐ ക്യാമറകള്‍ എവിടെ പോയി? കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്നാണ് ആന്റണി രാജു വീമ്പിളക്കുന്നത്. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ദേശീയപാത വഴിയാണെന്നും മുരളീധരന്‍ പറഞ്ഞു.