തിരുവനന്തപുരം: കെ.കെ രമക്കെതിരായ എം.എം മണിയുടെ പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
നിയമസഭ തുടങ്ങിയുടന്‍ എം.എം മണി മാപ്പ് പറയണമെന്ന്പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പാര്‍ട്ടി കോടതിയുടെ വിധി പ്രകാരമാണ് ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടതെന്ന് വി.ഡി സതീശന് പറഞ്ഞു. പാര്‍ട്ടി കോടതി ജഡ്ജിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എം.എം മണി തെറ്റായതൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രതികരണം. കോളജ് വിദ്യാര്‍ഥികൊല്ലപ്പെട്ടപ്പോള്‍ അതിന് കെ.പി.സി.സി പ്രസിഡന്റ് ന്യായീകരിച്ചുവെന്ന ആരോപണം രാജീവ് ഉയര്‍ത്തി. എന്നാല്‍, സഭക്ക് പുറത്തുള്ള സംഭവം ഇവിടെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടന്നൊയിരുന്നു വി.ഡി സതീശന്റെ മറുപടി. മുഖ്യമന്ത്രി എം.എം മണിയെ ന്യായീകരിച്ചത് ഞെട്ടിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മണിയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പാര്‍ടി കോടതി വിധിക്ക് പിന്നിലെ ജഡ്ജിയാരെന്ന് തന്നെക്കൊണ്ട് പറയിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടി.പി. വധത്തില്‍ സി പി എമ്മിന് ഉത്തരവാദിത്വമില്ലെന്നാണ് എം.എം. മണി പറഞ്ഞതെന്ന് പി രാജീവ് വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് വിഷയത്തില്‍ ഇടപെട്ടു. അണ് പാര്‍ലമെന്ററി പരാമര്‍ശങ്ങള്‍ പിന്നീട് പരിശോധിച്ചു നീക്കം ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ചെയറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
സഹകരിക്കണം എന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം തയ്യാറായില്ല. ദലീമ ജോജോയെ സ്പീക്കര്‍ ചോദ്യം ഉന്നയിക്കാന്‍ ക്ഷണിച്ചു. ചോദ്യം ചോദിച്ചെങ്കിലും മറുപടി പറയാന്‍ മന്ത്രി എം.വി. ഗോവിന്ദന് സാധിച്ചില്ല. ഇതോടെ സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ ഇന്നത്തെ നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു. സഭ ഇനി തിങ്കളാഴ്ച ചേരും.