തമിഴ്നാട്ടിലെ തെരുവുകളിൽനിന്ന് ജാതിപ്പേരുകൾ നീക്കാൻ നിർദേശം

ചെന്നൈ: സംസ്ഥാനത്തെ റോഡുകൾ, തെരുവുകൾ ഉൾപ്പെടെ പൊതു ഇടങ്ങളുടെ പേരുകളിൽനിന്ന് ജാതിപ്പേരുകൾ നീക്കുന്ന ജോലികൾ ഊർജിതമാക്കി. നവംബർ 19-നകം ഇത്തരം മുഴുവൻപേരുകളും മാറ്റി പുതിയപേരുകൾ ഉറപ്പിക്കണമെന്ന് ജില്ലാഭരണകൂടങ്ങൾക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി.
ജാതിവിവേചനം ഒഴിവാക്കി സാമൂഹികനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദി ദ്രാവിഡർ കോളനി, ഹരിജൻ കോളനി, പറയർ തെരുവ് തുടങ്ങിയ പേരുകൾ ഒഴിവാക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. കലൈഞ്ജർ, കാമരാജർ, മഹാത്മാഗാന്ധി, വീരമാമുനിവർ, തന്തൈ പെരിയാർ എന്നീ പേരുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല.
പേരുകൾ മാറ്റുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യുമ്പോൾ പ്രാദേശിക ജനസമൂഹത്തിന്റെ വികാരങ്ങൾ മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശം നൽകി.നിലവിലുള്ള പേരുകൾതന്നെ തുടരാൻ താത്പര്യമുണ്ടെങ്കിൽ അതിനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്നും നിർദേശം ഉണ്ട്.