ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല: ലോകയുക്ത ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി; അനുനയ ശ്രമവുമായി സര്‍ക്കാര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. കാലാവധി അവസാനിച്ചത് മൂലമാണ് റദ്ദായത്. റദ്ദായവയില്‍ ലോകായുക്ത ഭേദഗതി അടക്കമുള്ള പ്രധാന ഓര്‍ഡിനനന്‍സുകള്‍ ഉള്‍പ്പെടുന്നു. ഇന്നലെ രാത്രി 12 മണിക്കായിരുന്നു ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിച്ചത്. ഓര്‍ഡിനന്‍സുകള്‍ അസാധുവായതോടെ ഈ ഓര്‍ഡിനന്‍സുകള്‍ നിലവില്‍ വരുന്നതിന് മുന്‍പുള്ള നിയമം എന്തായിരുന്നോ അതാണ് നിലനില്‍ക്കുക. ചീഫ് സെക്രട്ടറി ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.
ഓര്‍ഡിനന്‍സ് ഭരണം അംഗീകരിക്കുന്നില്ല, നിയമ നിര്‍മ്മാണം സഭയിലൂടെയാവണം, അടിയന്തിര സാഹചര്യങ്ങളിലെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാവൂ എന്നാണ് നിലപാടിലാണ് ഗവര്‍ണര്‍. ഇപ്പോള്‍ ഡല്‍ഹിയിലുളള ഗവര്‍ണര്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തും.

കേണ്ണും പൂട്ടി ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കില്ലെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍, സര്‍ക്കാരിനെതിരെ രണ്ടും കല്‍പ്പിച്ചുള്ള പോരിലേക്കാണെന്നുള്ളതിന്റെ വ്യക്തമായ സൂചനയും നല്‍കി. ഓര്‍ഡിനന്‍സുകളില്‍ കൃത്യമായ വിശദീകരണം വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇന്ന് മുഖ്യമന്ത്രിയോ നിയമ മന്ത്രിയോ ഗവര്‍ണറെ ഫോണില്‍ വിളിക്കാനുള്ള സാധ്യതയും ഉണ്ട്. സര്‍ക്കാര്‍ പലതരത്തില്‍ അനുരജ്ഞനത്തിനുള്ള ശ്രമം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *