പി.വി. അൻവറിന്റെ ആരോപണത്തിൽ പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും നാവിറങ്ങിപ്പോയോ; കെ.സുരേന്ദ്രൻ

തൃശൂർ∙ പി.വി. അൻവറിന്റെ ആരോപണത്തിൽ പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും നാവിറങ്ങിപ്പോയോ എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ. ‘‘എഡിജിപിക്കെതിരെയോ പി.വി.അൻവറിനെതിരെയോ പി.ശശിക്കെതിരെയോ ഒരക്ഷരം ശബ്ദിക്കുന്നില്ല. നിയമവാഴ്ച പൂർണമായും തകർന്നിരിക്കുന്നു, മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് കള്ളക്കടത്തു സംഘങ്ങളും കൊലയാളിസംഘങ്ങളും ലഹരിമരുന്നു മാഫിയകളും പ്രവർത്തിക്കുന്നുവെന്ന് ഒരു ഭരണപക്ഷ എംഎൽഎ ആരോപണം ഉന്നയിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും മുഖ്യമന്ത്രി ഒരു നടപടിയും എടുക്കുന്നില്ല. എഡിജിപിയോടു വിശദീകരണം ചോദിക്കുന്നില്ല. ഒരു അന്വേഷണവും വേണ്ട എന്നാണോ സർക്കാർ തീരുമാനം’’–സുരേന്ദ്രൻ പറഞ്ഞു.
‘‘ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതുകൊണ്ടാണു മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. രാജ്യരക്ഷാ നിയമം വരെ ലംഘിക്കപ്പെട്ടതായാണ് ആരോപണം. ആരോപണങ്ങൾ തെറ്റാണെങ്കിൽ എന്തുകൊണ്ട് പി.വി.അൻവറിനെതിരെ കേസ് എടുക്കുന്നില്ല. അന്വേഷിക്കാൻ കഴിയില്ലെങ്കിൽ കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണം. തുടരാനുള്ള ധാർമികമായ അവകാശം സർക്കാരിന് നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയും സർക്കാരും രാജിവച്ച് ജനവിധി തേടണം.
ആരെയും വിശുദ്ധരാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ആരോപണങ്ങൾ ഗൗരവതരമാണ്.പൂരം കലക്കിയിട്ടാണ് തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് എന്ന വ്യാഖ്യാനം വോട്ടു ചെയ്ത ജനങ്ങളെ അപമാനിക്കലാണ്. ബിജെപിയും സുരേഷ് ഗോപിയും നടത്തിയ ക്രിയാത്മകമായ ഇടപെടലുകളുടെ മികവിലാണ് അദ്ദേഹം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. അല്ലാതെ, പൂരം കലക്കിയിട്ടല്ല. അതല്ലല്ലോ ഇപ്പോഴത്തെ വിഷയം’’– സുരേന്ദ്രൻ പറഞ്ഞു.