തിരുവനന്തപുരം: ആതുരസേവനരംഗത്തെ തിരക്കിനിടയിലും പാടത്ത് നൂറു മേനി വിളവ് കൊയ്ത് ഒരു സംഘം ഡോക്ടര്‍മാര്‍. തിരുവനന്തപുരം ജില്ലയില്‍ പുളിമാത്ത് പ്ലാവോട് പാടശേഖരത്തിലായിരുന്നു ഈ അപൂര്‍വ്വ കൊയ്ത്തുത്സവവും. ദിനം പ്രതി നൂറ് കണക്കിന് ജീവനുകള്‍ക്ക് ആശ്വാസം നല്‍കുന്ന ഡോക്ടര്‍മാര്‍ ജൈവ കൃഷിയിലൂടെ നെല്ലുല്‍പാദനത്തില്‍ നൂറുമേനി കൊയ്തെടുത്ത നാട്ടുകാര്‍ക്കും അദ്ഭുത കാഴ്ചയായി. കര്‍ഷകര്‍ പോലും കൃഷി ഉപേക്ഷിച്ചു മറ്റു ജീവിത മാര്‍ഗം തേടുമ്പോഴാണ് തിരുവനന്തപുരം ആര്‍.സി.സിയിലെ അഡീഷണല്‍ ഡയറക്ടര്‍ ഡോ. സജീദ് തന്റെ കൃഷിയിടത്തിലേക്കു ഇറങ്ങി മണ്ണില്‍ കനകം വിളയിച്ചത്. നാളെയുടെ നിലനില്‍പ്പിന് തന്നെ പാടശേഖരങ്ങളുടെ സംരക്ഷണം അനിവാര്യമാണെന്നും പുതുതലമുറയെ ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു ഡോ. സജീദിന്. ഒന്നര ഏക്കറില്‍ ആണ് ഡോക്ടര്‍ നെല്ല് വിതച്ചത്. തിരക്കുകള്‍ക്ക് ഇടയിലും കൃഷിക്കായി ഡോക്ടര്‍ സമയം മാറ്റി വെച്ചു. ഡോക്ടറുടെ ആത്മാര്‍ത്ഥ കൊണ്ടാകണം ഡോക്ടറെ മണ്ണും ചതിച്ചില്ല. നൂറു മേനി വിളവ് നല്‍കി അനുഗ്രഹിച്ചു. അപ്പോഴാണ് മറ്റൊരു പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നത് കൊയ്തെടുക്കാന്‍ ആളെ തേടിയെങ്കിലും കിട്ടാതെ വന്നു. ആശുപത്രിയില്‍ നിരവധി അതിസങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ തരണം ചെയ്ത ഡോക്ടര്‍ മറ്റൊന്നും ചിന്തിച്ചില്ല സുഹൃത്തുക്കളോട് പ്രശ്നം ചര്‍ച്ച ചെയ്തു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സഹപാഠികളും കൂട്ടുകാരുമായ ആരോഗ്യ മേഖലയിലെ ഉന്നതസ്ഥാനീയരായ പ്രമുഖ ഡോക്ടര്‍മാര്‍ പാടത്ത് ഇറങ്ങാമെന്ന് ഉറപ്പ് നല്‍കിയതോടെ കാര്യങ്ങള്‍ എളുപ്പമായി.
മെഡിക്കല്‍ കോളേജയിലെ ഓര്‍ത്തോ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ബിനോയ്, കാര്‍ഡിയോളജി വിഭാഗം അസി. പ്രഫസര്‍ ബൈജു, തിരുവനന്തപുരം റെയില്‍വെ ഡിവിഷനിലെ ഡോ. വി.വി. അജിത് കുമാര്‍ കോസ്മോ ആശുപത്രി സൂപ്രണ്ട് ഡോ. മധു, കടക്കല്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആശ.ജെ.ബാബു എന്നീ ഡോക്ടര്‍മാരും കുടുംബാംഗങ്ങളുമാണ് പാടത്തെ ചേറിലിറങ്ങി നെല്ല് കൊയ്തു.
കൊയ്ത്തുപാട്ടുകള്‍ പാടിയും ഒരുമിച്ചിരുന്ന് നാടന്‍ ഭക്ഷണം കഴിച്ചും
കൊയ്ത്തു ദിനം ഇവര്‍ ആഘോഷമാക്കി. കര്‍ഷകര്‍ ചിലവ് കുറഞ്ഞ ജൈവ കൃഷി മാതൃകയാക്കി നെല്‍കൃഷിയിലേയ്ക്ക് തിരിയണമെന്നാണ്
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മൂലം മനുഷ്യരിലുണ്ടാകുന്ന മാരകരോഗങ്ങള്‍ക്ക് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ അഭിപ്രായം.