സിന്ധു നദീജല കരാർ മരവിപ്പിക്കൽ, കനത്ത വേനൽ; ജല പ്രതിസന്ധിയുടെ ചൂടറിഞ്ഞ് പാകിസ്താൻ

സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ജലക്ഷാമം രൂക്ഷം. വേനൽക്കാല കൃഷി നടത്താനാവാത്തതിനാൽ കർഷകരും പ്രതിസന്ധിയിലാണ്. കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയിൽനിന്ന് ഉത്ഭവിക്കുന്ന നദികളിൽ നിന്നുള്ള വെള്ളവും കൂടി ഇല്ലാതായതോടെ വലയുകയാണ് ജനം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്.
പാകിസ്താൻ സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 ജൂൺ 2-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2025 ജൂൺ- 2 വരെ ജലലഭ്യത 10.3 ശതമാനം കുറഞ്ഞു എന്നാണ് വ്യക്തമാകുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കാൻ ഇനിയും നാല് ആഴ്ചകൾ ശേഷിക്കുന്നതിനാൽ വരും ആഴ്ചകളിൽ സ്ഥിതി കൂടുതൽ വഷളായേക്കാമെന്നാണ് വിലയിരുത്തൽ.
ചെനാബ് നദിയിലെ പ്രതിസന്ധി കണക്കിലെടുത്ത്, ജലസംഭരണികളിൽ നിന്നുള്ള വെള്ളം വിവേകപൂർവ്വം ഉപയോഗിക്കാൻ ഡാം അധികാരികളെയും ജലസേചന വിതരണ നിരീക്ഷണ ഏജൻസികളെയും നിർദേശിച്ചിട്ടുണ്ട്. ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏക അതിർത്തി കടന്നുള്ള ജല പങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. 1960 സെപ്റ്റംബർ 19-നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെയ്ക്കുന്നത്. 64 വർഷം പഴക്കമുള്ള ഈ കരാർ കറാച്ചിയിൽ വെച്ചാണ് ഒപ്പിടുന്നത്. നീണ്ട ഒമ്പത് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് കരാറിലേക്ക് ഇരു രാജ്യങ്ങളും കടന്നത്.
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും ഇന്ത്യ ഈ കരാറിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ കശ്മീരിൻ്റെ സ്വപ്ന താഴ്വരയായ പഹൽഗാമിനെ രക്തരൂക്ഷിതമാക്കിയതിന് പിന്നാലെ നയതന്ത്ര ബന്ധത്തിലെ പ്രധാന ഏടായ സിന്ധു നദീജല കരാർ റദ്ദാക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.