ആരോഗ്യവകുപ്പ്‌ നാഥനില്ലാ കളരി; മുഖ്യമന്ത്രി വകുപ്പ്‌ ഏറ്റെടുക്കണം – പാലോട്‌ രവി

ആരോഗ്യപരിപാലനത്തില്‍ ലോകോത്തര മാതൃകയെന്ന്‌ വീമ്പിളക്കുന്ന കേരളത്തില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ പോലും ലഭ്യമാക്കാത്ത ആരോഗ്യവകുപ്പ്‌ നാഥനില്ലാ കളരിയായി മാറിയെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി പ്രസ്‌താവിച്ചു. ആരോഗ്യവകുപ്പും, വകുപ്പു മന്ത്രിയും സംസ്ഥാനത്തിനു തന്നെ അപമാനമായി മാറിയിരിക്കുകയാണ്‌. സംസ്ഥാനത്തെ ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടറേറ്റിനു മുമ്പില്‍ മഹിളാ കോണ്‍ഗ്രസ്സ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പാലോട്‌ രവി. ജില്ലാ പ്രസിഡന്റ്‌ ആര്‍. ലക്ഷ്‌മി അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വകുപ്പില്‍ നടക്കുന്നതൊന്നും മന്ത്രി അറിയുന്നില്ലെന്നാണ്‌ അവരുടെ പ്രതികരണങ്ങളിലും പ്രവര്‍ത്തനങ്ങളിലുംനിന്ന്‌ മനസിലാകുന്നത്‌. ആരോഗ്യ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്ത്‌ ഇന്നത്തെ ഗുരുതരമായ പ്രതിസന്ധിക്ക്‌ പരിഹാരമുണ്ടാക്കണം. രോഗികളെ സഹായിക്കാനല്ല അവരുടെ പേരില്‍ കൊള്ളയടിക്കാനാണ്‌ സര്‍ക്കാരും മെഡിക്കല്‍ സര്‍വ്വീസസ്‌ കോര്‍പ്പറേഷനും ശ്രമിക്കുന്നത്‌. അഴിമതിയുടെയും ക്രമക്കേടുകളുടെയും കൂടാരമാണ്‌ മെഡിക്കല്‍ സര്‍വ്വീസസ്‌ കോര്‍പ്പറേഷന്‍. കോവിഡ്‌ കാലത്ത്‌ കോടികള്‍ വെട്ടിക്കുകയും കൊള്ളയടിക്കാന്‍ വഴിയൊരുക്കുകയും ചെയ്‌ത കോര്‍പ്പറേഷനില്‍ കുറ്റക്കാരെ സംരക്ഷിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുന്‍ ആര്യോഗ്യവകുപ്പുമന്ത്രി വി.എസ്‌.ശിവകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനത്തെ ആരോഗ്യവകുപ്പ്‌ കുത്തഴിഞ്ഞ പുസ്‌തകമായി മാറിയെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിന്റേത്‌ നിരുത്തരവാദപരമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്യാറ്റിന്‍കര സനല്‍, യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍, മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന ഭാരവാഹികളായ അനിത, ഉഷാകുമാരി, ജില്ലാ ഭാരവാഹികളായ ഷീല, ബീനാ അജിത്ത്‌ ജയന്തി, ഗ്ലാഡിസ്‌ അലക്‌സ്‌, രമകുമാരി, ലിസ്സി, സുപ്രിയ, ബറോമപാട്രിക്‌, സീനത്ത്‌, തുഷാര, മേരിപുഷ്‌പം, സിറാഫീന്‍ ഫ്രെഡി, സിമി, അനിത, ഓമന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *