മലപ്പുറം: വീല്‍ചെയര്‍ ഭീഷണി വിവാദത്തില്‍ പാണക്കാട് മുഈന്‍ അലി തങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കയ്യ് വെട്ടും, കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികള്‍ ഒരു നിലയ്ക്കും അംഗീകരിക്കാന്‍ പറ്റാത്ത പ്രസ്താവനകള്‍ ആണ്. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുമ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കോ സമൂഹത്തിലെ ആര്‍ക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാന്‍ സാധ്യമല്ല. അത് കൊണ്ട് തന്നെ ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമായ കാര്യം തന്നെയാണ്.
മുസ്ലിം ലീഗ് പാര്‍ട്ടി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അത്തരം പ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരെ അതത് സമയത്ത് തന്നെ പാര്‍ട്ടി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിലും കര്‍ശനമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ നിയമപരമായും ശക്തമായ നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വീല്‍ചെയര്‍ ഭീഷണി വിവാദത്തില്‍ പാണക്കാട് മുഈന്‍ അലി തങ്ങള്‍ക്ക് മുസ്ലിം ലീഗും പിന്തുണച്ചിരുന്നു.
പൊലീസ് നടപടി വേഗത്തില്‍ ആക്കണം എന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭീഷണി പെടുത്തിയ വ്യക്തിയെ നേരത്തെ പാര്‍ട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, പാണക്കാട് മുഈന്‍ അലി തങ്ങളെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വീല്‍ചെയര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലെ പ്രതി റാഫി പുതിയകടവില്‍ വിശദീകരിച്ചു.
തങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. സൗഹൃദ സംഭാഷണത്തിനിടെയുണ്ടായതാണ് വീല്‍ചെയര്‍ പരാമര്‍ശം. അത് തമാശയായി പറഞ്ഞതാണ്. ഫോണ്‍ സംഭാഷണം മുഈന്‍ അലി തങ്ങള്‍ പുറത്ത് വിട്ടത് എന്തുകൊണ്ട് എന്നറിയില്ല, സംഭവത്തില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.