രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത എം എല്‍ എ കുലംകുത്തി : പന്ന്യന്‍ രവീന്ദ്രന്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗില്‍ വിമര്‍ശനവുമായി സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത് എത്ത്. ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത എം എല്‍ എ കുലംകുത്തിയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 

വോട്ട് ചെയ്തയാളെ തിരിച്ചറിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനാകും. എല്‍ ഡി എഫ് ,എം എല്‍ എമാര്‍ വോട്ട് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ അധാര്‍മികതയാണ് ഇത്. ഒരു വോട്ടാണെങ്കിലും അത് ബി ജെ പി സ്ഥാനാര്‍ഥിക്ക് കിട്ടിയത് അപകടമാണ്. ഒരാളെങ്കിലും ഇങ്ങനെ ചെയ്തത് ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചെയ്തത് ഏതു പാര്‍ട്ടിക്കാരനായാലും നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. എല്ലാ പാര്‍ട്ടികള്‍ക്കും ഇത് പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍നിന്നുള്ള 140 എം എല്‍ എമാരില്‍ ഒരു എം എല്‍ എയുടെ വോട്ട് ദ്രൗപദി മുര്‍വിന് ലഭിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 21,128 മൂല്യമുള്ള 139 വോട്ടുകളും ദ്രൗപദിക്ക് 152 മൂല്യമുള്ള ഒരു വോട്ടുമാണ് ലഭിച്ചത്. കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള ഒരു പാര്‍ട്ടിയും ദ്രൗപദിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ദ്രൗപദിയെ പിന്തുണയ്ക്കാമെന്ന് ജനതാദള്‍ (എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് സംസ്ഥാന ഘടകം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *