തീരുമാനം ശരത് പവാറും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍
തിരുവനന്തപുരം: എന്‍സിപി ദേശീയ വൈസ് പ്രസിഡന്റും കേരള ഘടകത്തിന്റെ ചുമതലയും വഹിക്കുന്ന പിസി ചാക്കോ സംസ്ഥാന മന്ത്രി സഭയിലേക്ക് എത്തുന്നു. നിലവിലെ മന്ത്രി എ.കെ ശശീന്ദ്രന് രാജിവെച്ച് ഒഴിയുന്നതിന് പകരമാണ് പി സി ചാക്കോ മന്ത്രി സഭയിലേക്ക് എത്തുന്നത്. പിസി ചാക്കോയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും താല്പര്യമുണ്ട്. അദ്ദേഹം ഇക്കാര്യം എന്‍സിപി ദേശീയ നേതാവ് ശരത് പവാറിനെ അറിയിക്കുകയും ചെയ്തു. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരിയുടെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് പിണറായിയും ശരത്പവാറും തമ്മില്‍ കൂടികാഴ്ച നടത്തുകയും പി സി ചാക്കോയെ സംസ്ഥാന മന്ത്രി സഭയില്‍ അംഗമാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. സംസ്ഥാന രാഷ്ടീയത്തിലെ ഏറ്റവും തഴക്കവും പഴക്കവുമുള്ള ശക്തനായ നേതാവായാണ് പിസി ചാക്കോയെ അറിയപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന പിസി ചാക്കോ 2021 ലാണ് കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് എന്സിപിയില്ചേരുന്നത്. രണ്ടാം പിണറായി സര്‍ക്കാരിനെ അധികാരമേറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ച ചാക്കോ തെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിന്റെ താര പ്രചാരകനായിരുന്നു. 1980-ല്‍ പിറവത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ച പിസി ചാക്കോ വ്യവസായ മന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്. 1991-ല്‍ തൃശൂരില്‍ നിന്നും, 96ല്‍ മുകുന്ദപുരത്ത് നിന്നും, 98 ഇടുക്കിയില്‍ നിന്നും 2009-ല്‍ തൃശൂരില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ല്‍ ചാലക്കുടിയില്‍ നടന് ഇന്നസെന്റിനോട് പരാജയപ്പെട്ടിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശക്തനായ ദേശീയ നേതാക്കളില്‍ ഒരാളായിരുന്നു പി സി ചാക്കോ അറിയപ്പെട്ടിരുന്നത്.
അനുഭവവും നേതൃപാഠവവും പരിചയസമ്പത്തുമുള്ള നേതാവായ പിസി ചാക്കോയെ സംസ്ഥാന രാഷ്ടീയത്തില്‍ പിടിച്ചു നിര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പിണറായിയുടെ ആശീര്‍വാദത്തോടെയാണ് പി സി ചാക്കോയുടെ മന്ത്രിസഭാ പ്രവേശനം. എന്‍സിപി സംസ്ഥാന ഘടകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കലഹങ്ങള്‍ എല്‍ഡിഎഫിന് വന്‍ തലവേദന സൃഷ്ടിച്ചിരുന്നു. നിരവധി തവണ എല്‍എഡിഎഫ് നേതൃത്വം എന്‍സിപിക്ക് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപിയില്‍ കലഹം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ എ കെ ശശീന്ദ്രന് മന്ത്രിസഭയില്‍ തുടരുകയായിരുന്നു. ഒരു വേള എന്‍സിപി പിളരുമെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടാണ് കാര്യങ്ങള്‍ തണുപ്പിച്ചതും പിസി ചാക്കോ മന്ത്രിസഭയിലേക്ക് എത്തട്ടേ എന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയതും. എന്നാല്‍ നിലവിലെ മന്ത്രി എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തിന് പകരം എന്‍സിപി സംസ്ഥാന പ്രസിഡന്റ് പദമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ താന്‍ എംഎല്‍എ സ്ഥാനം കൂടി രാജിവെക്കുമെന്ന ഭീഷണിയിലാണ് എകെ ശശീന്ദ്രന്. നിലവില്‍ ഏലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. പി സി ചാക്കോ മന്ത്രി സഭയിലേക്ക് വരുകയും തനിക്ക് കിട്ടേണ്ട മന്ത്രിസ്ഥാനം കിട്ടാതെ വരുകയും ചെയ്താല്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപി വിടാനും സാധ്യതയുണ്ട്.