പി.സി ജോര്‍ജ്ജിനെ ക്രൈം ബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്യും

തിരുവനന്തപുരം: മുന്‍ എം എല്‍ എ പി.സി ജോര്‍ജ്ജിനെ ക്രൈം ബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്യും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിലാണ് ചോദ്യം ചെയ്യല്‍.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ജോര്‍ജ്ജിന് നോട്ടീസ് നല്കി. സ്വപ്നക്കൊപ്പം പി.സി. ജോര്‍ജ്ജും കേസില്‍ പ്രതിയാണ്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിലാണ് സ്വപ്നക്കും, പി.സി. ജോര്‍ജ്ജിനെതിരെയും പൊലീസ് കേസ്സെടുക്കുന്നത്. സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. സ്വപ്നക്ക് വേണ്ടി സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഒരു ഓണ്‍ലെെന്‍ ചാനലിന് അഭിമുഖം നല്കാന് പി.സി.ജോര്‍ജ്ജ് പ്രേരിപ്പിച്ചു എന്ന് സരിത മുസ് വെളിപ്പടുത്തിയിരുന്നു. കേസിലെ പ്രതിയായ പി.സി.ജോര്‍ജ്ജും സരിതയും തമ്മിലുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു.
അതേസമയം, കേസില്‍ സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവ് സ്വപ്നയുടെ കയ്യിലുണ്ടെന്ന് പറയാന്‍ ജോര്‍ജ്ജ് പല തവണ വിളിച്ചെന്നും സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് സരിത പ്രതികരിച്ചത്. എന്നാല്‍ സ്വപ്നയുടെ കയ്യില്‍ തെളിവുകളിലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും, ജോര്‍ജ്ജും, ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറഞ്ഞിരുന്നു. ജോര്‍ജ്ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സരിത അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.