ഡിജിറ്റല്‍ റീസര്‍വേ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും പിന്തുണ നല്‍കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.
ഭൂരേഖ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് റവന്യൂ സര്‍വേ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിക്കായാണ് സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്. പദ്ധതിയുടെ വ്യക്തത വരുത്താനായി ജനപ്രതിനിധികള്‍ക്കായി ഓണ്‍ലൈന്‍ മുഖേന സംഘടിപ്പിച്ച ബോധവല്‍ക്കരണശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സര്‍വേ വിജയകരമായി പൂര്‍ത്തീയാക്കുന്നതിന് പൊതുജന പങ്കാളിത്തവും ജനപ്രതിനിധികളുടെ സജീവ ഇടപെടലും അത്യാവശ്യമാണ്. ഇതിനായി ജില്ലാതലം മുതല്‍ പ്രാദേശിക തലം വരെ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ജനപ്രതിനിധികളായിരിക്കും ജനകീയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജനകീയ കമ്മിറ്റികള്‍ സര്‍വേ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണം. റീസര്‍വേ സമയത്ത് റിക്കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി പൂര്‍ണ ജനപങ്കാളിത്തത്തോടെയാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി കേരളം പൂര്‍ണമായി നാലുവര്‍ഷക്കാലം കൊണ്ട് ഡിജിറ്റലായി അളക്കുക എന്ന നടപടിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത റവന്യൂ മന്ത്രി അഡ്വ.കെ രാജന്‍ പറഞ്ഞു. ഇതിലൂടെ എല്ലാ ഭൂമിക്കും രേഖ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റാനാകും.
ഡിജിറ്റല്‍ സര്‍വേയില്‍ ആദ്യഘട്ടത്തില്‍ വൈക്കം, കല്ലറ, വെള്ളൂര്‍, ഉദയനാപുരം, നടുവില, കുലശേഖരമംഗലം, വെച്ചൂര്‍, തലയാഴം, ചെമ്പ് എന്നീ വില്ലേജുകളാണ്സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാരംഭ ഘടത്തില്‍ ഡ്രോണ്‍ അധിഷ്ടിതസര്‍വേയാണ് ആരംഭിച്ചിട്ടുള്ളത്.