പേരൂര്‍ക്കട വ്യാജ മോഷണകേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്യായമായ തടവില്‍ വെച്ച ബിന്ദു. മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം നല്‍കിയ പരാതിയിലാണ് ആവശ്യം. സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പരാതിയില്‍ അപേക്ഷയുണ്ട്. അതേസമയം, എംജിഎം പൊന്‍മുടി വാലി പബ്ലിക് സ്‌കൂളില്‍ ബിന്ദു പ്യൂണായി ജോലിയില്‍ പ്രവേശിച്ചു.

എല്ലാം പൊലീസ് തിരക്കഥയെന്ന് റിപ്പോര്‍ട്ട്
പേരൂര്‍ക്കട സ്റ്റേഷനില്‍ നടന്ന പൊലീസ് തിരക്കഥയാണ് ബിന്ദുവിനെതിരായ കേസെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്വര്‍ണ മാല സോഫയുടെ അടിയില്‍ നിന്നും കിട്ടിയെന്ന കാര്യം ഓമന ഡാനിയലും മകള്‍ നിധി ഡാനിയലും എസ്‌ഐ പ്രസാദിനോട് പറഞ്ഞിരുന്നു. ബിന്ദുവിനെതിരെ കേസെടുത്തതിനാല്‍ മാല കിട്ടിയ കാര്യം പുറത്ത് പറയരുതെന്ന് എസ്‌ഐ പറഞ്ഞു. ചവര്‍ കൂനയില്‍ നിന്നും കിട്ടിയെന്ന് പറയാന്‍ എസ്‌ഐ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമാണ് ഓമന ഡാനിയന്‍ മൊഴി നല്‍കിയത്. കേസില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. ഒരു ഗ്രേഡ് എസ്‌ഐ എഴുതി തന്നെ മൊഴിയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് നിധി ഡാനിയല്‍ പറയുന്നു. ഗ്രേഡ് എസ്‌ഐ എഡ്വിനാണ് മൊഴി എഴുതി തയ്യാറാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ദളിത് യുവതിയ മോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പേരൂര്‍ക്കട എസ് എച്ച് ഒ ശിവകുമാര്‍, ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരെ നടപടിവേണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെതിരെ ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്റെ പരാതിയിലാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. പരാതി നല്‍കിയതിന് നാല് ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. രാത്രിയില്‍ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വര്‍ണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് നിന്ന് തന്നെ കിട്ടിയെന്ന് ഓമന ഡാനിയല്‍ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.