വോട്ട് കൊള്ള പ്രചാരണത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി; കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വോട്ട് കൊള്ള പ്രചാരണത്തിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി അംഗീകാരം റദ്ദാക്കണമെന്നും രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയുംതിരെ എസ്ഐടി അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ മുന്‍ ഉപാധ്യക്ഷന്‍ സതീഷ് കുമാര്‍ അഗര്‍വാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അധികാരം ദുര്‍ബലപ്പെടുത്തുന്നതാണ് പ്രചാരണമെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഭരണഘടനയോട് വിശ്വസ്തത പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും, ഇപ്പോള്‍ നേതാക്കളുടെ നടപടികളും പ്രസ്താവനകളും അതിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി. വോട്ട് കൊള്ള തുറന്ന് കാട്ടുന്നതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന നിലക്കും യാത്ര മുന്നേറുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.