പി ജി ഡോക്ടർമാരുടെ സേവനം നാളെ മുതൽ ഗ്രാമീണ മേഖലയിലും

സർക്കാർ, സ്വകാര്യ മേഖലയിലെ പി ജി ഡോക്ടർമാരുടെ സേവനം നാളെ മുതൽ ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. മെഡിക്കൽ കോളജുകളിലെ രണ്ടാം വർഷ പി ജി ഡോക്ടർമാരെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷനൽ മെഡിക്കൽ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പരിശീലനത്തിന്റെ ഭാഗമായി ജില്ലാ റെസിഡൻസി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. ജില്ലാ റെസിഡൻസി പ്രോഗ്രാം ഫലപ്രദമായി നടപ്പാക്കുന്നതിന് ഡിസംബർ രണ്ടിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നാണ് അന്തിമ തീരുമാനമെടുത്തത്.
പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും പ്രോഗ്രാം കോ ഓർഡിനേറ്ററായി ആരോഗ്യ വകുപ്പ് ഡയറക്ടറെയും ചുമതലപ്പെടുത്തി. പദ്ധതിയുടെ നടത്തിപ്പിനും ഏകോപനത്തിനുമായി ഡി എം ഇ കോ ഓർഡിനേറ്ററായി ഡോ. സി രവീന്ദ്രനെ നിയമിച്ചു. ജില്ലാ റെസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി സ്റ്റിയറിംഗ് കമ്മിറ്റിയും ജില്ലാതല കമ്മിറ്റിയും രൂപവത്കരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കി.