ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാനുള്ള മാന്യത പിണറായി കാട്ടിയില്ലന്ന് : വിമര്‍ശിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ തുറമുഖമന്ത്രി ദേവര്‍ കോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ സുധാകരന്‍ എംപി. തുറമുഖ പദ്ധതിയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയ മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരെയും തുറമുഖ മന്ത്രി അനുസ്മരിച്ചു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടെ എല്ലായിടത്തും മുന്‍ മുഖ്യമന്ത്രിമാരെ പൂര്‍ണമായി അവഗണിച്ചു. അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില്‍ നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

അന്തരാഷ്ട്രലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരേ പ്രവര്‍ത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാന്‍ ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചു. അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായി പിണറായി വിജയന്‍ പ്രവര്‍ത്തിച്ചു എന്നു സംശയിക്കണം. ലോബി ഇടപാടില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും സുധാകരന്‍ ആരോപിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *