നുണ പറഞ്ഞ് പത്തുവർഷം ഭരിച്ച പിണറായി സർക്കാർ അവസാന ബജറ്റിലും ജനങ്ങളെ പറ്റിച്ചു : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നുണ പറഞ്ഞ് പത്തുവർഷം ഭരിച്ച പിണറായി സർക്കാർ അവരുടെ അവസാന ബജറ്റിലും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്താതിരിക്കാൻ കഴിഞ്ഞ 10 വർഷം ശ്രമിച്ച ഇടതു സർക്കാർ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേന്ദ്ര പദ്ധതികൾ സ്വന്തം പേരിലാക്കി ബജറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്.
തകർന്നടിഞ്ഞ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള യാതൊന്നും ബജറ്റിലില്ല. കാലിയായ ഖജനാവ് വെച്ച് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്ന പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജൽ ജീവൻ മിഷൻ വഴി 39.79 ലക്ഷം കണക്ഷനുകൾ നൽകിയെന്ന ബജറ്റിലെ സർക്കാർ അവകാശവാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്. കേരളത്തിലെ ഗ്രാമീണ കവറേജ് (5.54 ശതമാനം) ദേശീയ ശരാശരിയേക്കാൾ (80 ശതമാനം) ഏറെ പിന്നിലാണ്. കേരളത്തിൽ ഇന്നും 32 ലക്ഷത്തോളം വീടുകളിൽ പൈപ്പ് വെള്ളം എത്തിയിട്ടില്ല.
2021ൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 250 രൂപയ്ക്ക് പകരം 2026-27 ബജറ്റിൽ റബ്ബർ വില 200 രൂപയായി നിശ്ചയിച്ചത് കർഷകരോടുള്ള വഞ്ചനയാണ്. ധനമന്ത്രി കാരുണ്യ പദ്ധതി വൻ വിജയമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണ്. 1,200 കോടിയിലധികം രൂപയുടെ കടത്തിലാണ് ഈ പദ്ധതി, അതിൽ മെഡിക്കൽ വിതരണക്കാർക്ക് നൽകാനുള്ള 200 കോടിയിലധികം രൂപയുടെ കുടിശ്ശികയും ഉൾപ്പെടുന്നു. ഇത് പദ്ധതിക്ക് കീഴിലുള്ള ആശുപത്രികളിൽ അവശ്യമരുന്നുകളുടെ ക്ഷാമത്തിന് കാരണമാകുന്നു.