വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ സ്‌കൂൾ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ശിവകാമി (17) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശിവകാമിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് ശിവകാമിയുടെ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പിതാവ് അയൽവാസികളെ വിവരമറിയിക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മരണകാരണം സംബന്ധിച്ച് നിലവിൽ സൂചനകളൊന്നും ലഭ്യമല്ല. വർക്കല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.