പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87%

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 83.87 ശതമാനം. കഴിഞ്ഞ വർഷം ഇത് 87.94 ശതമാനമായിരുന്നു. ആകെ 2028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത വിജയം നേടി. സയൻസ് വിഭാഗത്തിൽ 86. 14 വിജയശതമാനം. ഹ്യുമാനിറ്റീസിൽ 75.61ശതമാനമാണ് വിജയം. കൊമേഴ്സിൽ 85.69 ശതമാനമാണ് വിജയം. ടെക്നിക്കൽ വിഭാഗത്തിൽ 68.71 ശതമാനമാണ് വിജയം.
ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു. ഹയർസെക്കൻഡറിയിൽ 9 മൂല്യനിർണയ ക്യാമ്പുകളും വിഎച്ച്എസ്ഇ യിൽ 8 മൂല്യനിർണയ ക്യാമ്പുകളുമായിരുന്നു ഉണ്ടായിരുന്നത്.
പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു. ഇത്തവണ ഗ്രേസ് മാർക്ക് ഒഴിവാക്കിയിരുന്നു. വിജയശതമാനം: സയൻസ് – 86.14%, ഹുമാനിറ്റീസ് – 76.65 %, കൊമേഴ്സ് – 85.69 %. സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയിഡഡ് സ്കൂളുകളിൽ 86.02 ശതമാനവും അൺ എയിഡഡ് സ്കൂളുകളിൽ 81.12 ശതമാനവുമാണ് വിജയം. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28450 വിദ്യാർത്ഥികൾ. മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ് പരീക്ഷ നടന്നത്.