ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്

കോഴിക്കോട്: ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്. മാളിക്കടവിലെ വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രിയൽ വർക്‌ഷോപ്പിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും യുവതിയെ കൊല്ലാൻ ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
കൊലപാതകത്തിൽ കുറ്റബോധമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൃത്യം നടത്തിയത് ഭാര്യയ്‌ക്കറിയാമെന്നും വൈശാഖൻ മൊഴി നൽകി. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചത്. 16 വയസ് മുതൽ വൈശാഖൻ തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്ന് കൊല്ലപ്പെട്ട യുവതി ഡയറിയിൽ കുറിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി മറ്റൊരു കേസും പൊലീസ് രജിസറ്റർ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈശാഖന്റെ വർക്‌ഷോപ്പിൽ ഫോറൻസിക് സംഘമെത്തി പരിശോധിച്ചിരുന്നു. യുവതിയുടെ കഴുത്തിലെ കയർ മുറിച്ച് താഴെയിറക്കി കിടത്തിയ സ്ഥലത്തെ മണ്ണും വൈശാഖൻ ഉപയാേഗിച്ചിരുന്ന ടവൽ തുടങ്ങിയവയും യുവതിക്ക് നൽകിയ ഉറക്കഗുളികയുടെ അംശവും ലഭിച്ചിരുന്നു. എലത്തൂർ ഇൻസ്‌പെക്ടർ കെ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.യുവതി എഴുതിയ ഡയറി നേരത്തേ പൊലീസിന് കിട്ടിയിട്ടുണ്ട്.
ഒരുമിച്ച് കയർ കൊണ്ട് കുരുക്കുണ്ടാക്കിയെങ്കിലും വൈശാഖൻ യുവതിയെ തന്ത്രപൂർവം കൊല്ലുകയായിരുന്നു . മൃതദേഹത്തിലും ലൈംഗികാതിക്രമം നടത്തിയതിനാൽ സമാനതകളില്ലാത്ത കേസാണിതെന്ന് പൊലീസ് പറഞ്ഞു. യുവതിയോടുള്ള പകയാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്.കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു കൊലപാതകം നടന്നത്.
ഭാര്യാസഹോദരിയുമായി വർഷങ്ങളായി അടുപ്പമുണ്ടായിരുന്നു പ്രതിക്ക്. ബന്ധം വീട്ടിൽ പറയണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും യുവതി നിർബന്ധിച്ചതോടെയാണ് കൊലപ്പെടുത്താൻ വൈശാഖൻ തീരുമാനിച്ചത്. തുടർന്ന് ഒരുമിച്ച് ജീവിക്കാനായില്ലെങ്കിൽ മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കുരുക്കിട്ട് കൊല്ലുകയായിരുന്നു.