വിര ഗുളികയ്ക്കെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി ആരോഗ്യവകുപ്പ്

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടറാണ് വ്യാജപ്രചരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പൊതുജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
കുഞ്ഞുങ്ങളെ കൊല്ലാന്‍ വേണ്ടിയാണ് ഗുളിക നല്‍കുന്നതെന്നാണ് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം പ്രചരണം നടത്തുന്നത്. കുഞ്ഞുങ്ങളെ കൊല്ലാനാണ് ഗുളിക നല്‍കുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു സ്ത്രീയുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ഒന്ന് മുതല്‍ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കിയത്. കൊക്കപ്പുഴു ഉള്‍പ്പെടെയുള്ള വിരകളെ നശിപ്പിക്കുവാന്‍ ആല്‍ബന്‍ഡസോള്‍ ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളുടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.