തിരുവനന്തപുരം: പോലീസ് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്തതായി വനിതാ ഡോക്ടറുടെ പരാതി.ഡോക്ടറുടെ പരാതിയില്‍ മലയിന്‍കീഴ് എസ്.എച്ച്.ഒ എ.വി സൈജുവിനെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു.
കേസെടുത്തതിനെ തുടര്‍ന്ന് സൈജു ഒളിവില്‍ പോയി. മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം തുടങ്ങി. കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഇടപെടുന്നതായി പരാതിക്കാരിയായ ഡോക്ടര്‍.
പോലീസ് ഓഫീസേഴ്സ് അസോസിയേഷന് (റൂറല്‍) പ്രസിഡന്റു കൂടിയാണ് സൈജു. വിവാഹ വാഗ്ദാനം നല്കി സൈജു പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവുമൊരുമിച്ച് വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019-ല്‍ ഒരു ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിയിരുന്നു. ഈ സമയം ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച പരാതിയില്‍ അന്ന് സ്റ്റേഷന് എസ്.ഐ.യായിരുന്ന സൈജു ഇടപെടുകയും കട ഒഴിപ്പിച്ചു നല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കി സൈജു തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായിയാണ് ഡോക്ടറുടെ പരാതി.പല ദിവസങ്ങളില്‍ വീട്ടിലെത്തി ഇത് ആവര്‍ത്തിച്ചു. ഇതറിഞ്ഞ ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചു. ഭാര്യയുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് സൈജു തന്നെ ചൂഷണം ചെയ്തിരുന്നതെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു. സൈജുവിന്റെ ഭാര്യ തന്റെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്തപ്പോള്‍ സൈജു വീട്ടില്‍ വരുന്നതിനെ എതിര്‍ത്തതായി ഡോക്ടര്‍ പറയുന്നു. മലയിന്‍കീഴ് എസ്.എച്ച്.ഒ. ആയിരുന്ന സൈജു തനിക്കെതിരേ വധഭീഷണി ഉയര്‍ത്തിയതായും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. മാതാപിതാക്കളില്ലാതെ തനിച്ചു കഴിയുന്ന തന്റെ ജീവനു ഇന്‍സ്പെക്ടറില്‍ നിന്നു ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു.
സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് മാറ്റിയതായും പരാതിയില്‍ ഉണ്ട്. പരാതി വന്നതിന് പിന്നാലെ സൈജു അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം ഇയാള്‍ ഒളിവിലാണെന്നും ആക്ഷേപം ഉണ്ട്. വനിതാ ഡോക്ടര്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുല്‍ഫിക്കറിനാണ് അന്വേഷണ ചുമതല. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് റൂറല്‍ പ്രസിഡന്റു കൂടിയാണ് സൈജു.
എസ്.എച്ച്.ഒ.യ്ക്കെതിരേ വനിത ഡോക്ടര്‍ കഴിഞ്ഞ എട്ടിനാണ് എസ്.പി.ക്കു പരാതി നല്‍കിയത്. ഇതില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ 15-ന് ഇവര്‍ ഡി.ജി.പി.ക്കു പരാതി നല്കി. തുടര്‍ന്ന് ശനിയാഴ്ച പരാതിക്കാരിയെ എസ്.പി. ഓഫീസില്‍ വിളിപ്പിച്ച് മൊഴിയെടുക്കുകയായിരുന്നു.