മണിപ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്

കലാപം ഏറ്റവും രൂക്ഷമായ ചുരാചന്ദ്പൂര്‍ ജില്ലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. തുടര്‍ന്ന് അദ്ദേഹം ഇംഫാലിലേക്ക് മടങ്ങി. ഹെലികോപ്ടറില്‍ ചുരാചന്ദ്പൂരിലേക്ക് പോകാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
രാഹുലിനെയും സംഘത്തെയും പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ജനങ്ങള്‍ തടിച്ചുകൂടി. ഇതോടെ പൊലീസ് അകാശത്തേക്ക് വെടിവയ്ക്കുകയും, കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസും വിമര്‍ശനം രേഖപ്പെടുത്തി. രാഹുലിനെ തടഞ്ഞത് ഭരണഘടനാപരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. മണിപ്പൂരിന് ഏറ്റുമുട്ടലല്ല സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മണിപ്പൂരില്‍ മൗനം വെടിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് രാഹുല്‍ ഗാന്ധി ഇംഫാലിലെത്തിയത്. കുക്കികളുടെ സ്വാധീന മേഖലയായ ചുരാചന്ദ്പൂരിലേക്ക് റോഡ് മാര്‍ഗം പോകാനായിരുന്നു ശ്രമം. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ രാഹുല്‍ അങ്ങോട്ടേക്ക് തിരിക്കുകയായിരുന്നു.ഒടുവില്‍ തടയുകയായിരുന്നു. കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും രാഹുലിനെ അനുഗമിക്കുന്നുണ്ട്