നിലമ്പൂരിൽ ഷാഫിയും രാഹുലും സഞ്ചരിച്ച കാർ തടഞ്ഞ് പൊലീസ്; പെട്ടി താഴെയിറക്കി പരിശോധിച്ചു

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരിൽ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്തായിരുന്നു വാഹന പരിശോധന. വാഹനത്തിൽ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.

വാഹന പരിശോധനയ്‌ക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടെന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വാഹനങ്ങൾ മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ‘നീല പെട്ടി’ വിവാദം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് രാത്രി പരിശോധന നടത്തിയതാണ് വൻ വിവാദത്തിലേക്ക് നയിച്ചത്. നിലമ്പൂരിലും പെട്ടി വിവാദത്തിന്റെ തനിയാവര്‍ത്തനമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.എന്നാല്‍, തിരഞ്ഞെടുപ്പ് സമയത്ത് പൊലീസ് പരിശോധന സ്വഭാവികമാണെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചത്. സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടട്ടേയെന്നും സ്വരാജ് പറഞ്ഞു.