തിരുവനന്തപുരത്ത് ക്രിമിനല്‍ പശ്ചാത്തലമുളള മൂന്ന് പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ടു

തലസ്ഥാനത്ത് ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. സിഐ അഭിലാഷ്, പൊലീസ് ഡ്രൈവര്‍ ഷെറി എസ് രാജ്, റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജുവിൻ്റേതാണ് നടപടി.
അഭിലാഷിനെ ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കെ പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് പിരിച്ചുവിട്ടത്. നിലവിൽ ഗുണ്ടാസംഘവുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ പേരിൽ സസ്പെൻഷനിലാണ്. ലൈംഗിക കേസിലും വയോധികയെ മർദ്ദിച്ച കേസിലും പ്രതിയാണെന്ന് കണ്ടെത്തിതിനെ തുടർന്ന് നന്ദാവനം എആർ ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജിനെതിരെയാണ് നടപടി സ്വീകരിച്ചത്. റെജി ഡേവിഡിനെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രതിയായതിനെ തുടർന്നാണ് പിരിച്ചുവിട്ടത്.