പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ പൊലീസ്

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാനുള്ള  പദ്ധതി പ്രഖ്യാപിച്ച് കേരള പൊലീസ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ നിര്‍ണായകമായ ഗതിമാറ്റത്തിനാണ് കേരള പൊലീസ് തയ്യാറെടുക്കുന്നത്. 

നിലവില്‍ കേരള പൊലീസിലുള്ളവര്‍ക്ക് മാത്രമാണ് ആയുധ പരിശീലനം നല്‍കുന്നത്. എന്നാല്‍ സ്വയരക്ഷക്കായി ലൈസന്‍സെടുത്ത് തോക്ക് വാങ്ങുന്ന പലര്‍ക്കും അത് എങ്ങിനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് പരിശീലനം ലഭിക്കാനുള്ള സംവിധാനമില്ല. ഹൈക്കോടതിയെ സമീപിച്ച് ചിലര്‍ ഇക്കാര്യത്തില്‍ പരിഹാര നിര്‍ദ്ദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസ് ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കാന്‍ തയ്യാറായത്.

തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിച്ചിട്ടുള്ളവര്‍ക്കും പരിശീലനം നല്‍കും. പരിശീലനത്തിന് പ്രത്യേക സിലബസും തയ്യാറായി. പൊലീസ് മേധാവിയുടെ ഉത്തരവും പുറത്തിറങ്ങി. 1000 രൂപ മുതല്‍ 5000 രൂപ വരെ ഫീസ് ഈടാക്കും. ഫയറിംഗ് പ്രാക്ടീസ് ഉള്‍പ്പെടെ നല്‍കും. പൊലീസിന്‍റെ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആയുധ ലൈസന്‍സ് , ആധാര്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി അപേക്ഷ നൽകുന്നവർക്ക് മാത്രമായിരിക്കും പരിശീലനം. ഇതിലൂടെ ദുരുപയോഗം തടയാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *