പൊലീസുകാരിയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂർ കരിവള്ളൂരിൽ പൊലീസുകാരിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ് രാജേഷ് പിടിയില്‍. പുതിയ തെരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് (35) മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ബി.എം.എച്ച് ആശുപത്രിയിലെത്തിച്ചു.

ഇന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. കൊല നടത്താനായി പെട്രോളും കൊടുവാളുമായി രാജേഷ് വീട്ടിലെത്തുകയായിരുന്നു. പെട്രോൾ ദിവ്യശ്രീയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നാലെ കഴുത്തിനു വെട്ടുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. ഇതു തടയാൻ വന്ന പിതാവ് വാസുവിന് കഴുത്തിനും വയറിനുമാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ നിലയും ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *