‘പൂക്കി സിഎം’ വാക്ക് പാലിച്ചു! വണ്ടി മോഡിഫിക്കേഷനിൽ ഗതാഗത കമ്മീഷണറുടെ നിർണ്ണായക റിപ്പോർട്ട് പുറത്ത്

വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് ഗതാഗത കമ്മീഷണർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സർക്കാർ ഇത് പരിശോധിച്ച ശേഷമായിരിക്കും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ വാഹനങ്ങളിൽ വരുത്താനാകുന്ന 18 തരം മാറ്റങ്ങളും, പ്രത്യേക അനുമതിയോടെ മാത്രം ചെയ്യാൻ കഴിയുന്ന പ്രധാന മോഡിഫിക്കേഷനുകളുമാണ് ഈ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ, നിലവിൽ അനുവദനീയമെന്ന് പറയുന്ന ഭൂരിഭാഗം മാറ്റങ്ങളും നേരത്തെ തന്നെ നിയമവിധേയമായിട്ടുള്ളവയാണെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്.
മുൻകൂർ അനുമതിയില്ലാതെ ചെയ്യാവുന്ന മാറ്റങ്ങളിൽ ബോഡി സ്റ്റിക്കറുകൾ, സീറ്റ് കവറുകൾ, ഡാഷ് ക്യാമറകൾ, ജിപിഎസ് ട്രാക്കറുകൾ തുടങ്ങിയ 18 കാര്യങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകൾ മാന്യമായവയായിരിക്കണം എന്ന് റിപ്പോർട്ടിൽ പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്. അതേസമയം, വാഹനത്തിന്റെ യഥാർത്ഥ നിറം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്. നിശ്ചിത ഫീസ് അടച്ച് അനുമതി വാങ്ങിയ ശേഷം നിറം മാറ്റാമെന്നും ഇത് വാഹനത്തിന്റെ ആർസി ബുക്കിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എൽപിജി/സിഎൻജി കിറ്റുകൾ ഘടിപ്പിക്കുക, ഇലക്ട്രിക് വാഹനമാക്കി മാറ്റുക, എൻജിൻ അല്ലെങ്കിൽ ഷാസി ഫ്രെയിം മാറ്റുക, ഭിന്നശേഷി സൗഹൃദമായ ക്രമീകരണങ്ങൾ വരുത്തുക എന്നിവയാണ് പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മറ്റ് മോഡിഫിക്കേഷനുകൾ. നിയമപരമായ മാറ്റങ്ങൾ അനുവദിക്കുമെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുൻകാല പ്രതികരണങ്ങൾ യുവാക്കൾക്കിടയിൽ വലിയ ആവേശമായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് അദ്ദേഹം പറഞ്ഞ റീലുകളും, മുഖ്യമന്ത്രിയായ ശേഷമുള്ള അനുകൂല നിലപാടുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.