ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരായ പരാതികളില്‍ പ്രാഥമിക അന്വേഷണം തുടങ്ങി

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരായ പരാതികളില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിക്കാരിയായ നിര്‍മ്മാതാവ് ഷീല കുര്യന്റെ മൊഴി രേഖപ്പെടുത്തി. ഡിസിആര്‍ബി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മധു ബാബുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ മൊഴിയിലും ആവര്‍ത്തിച്ച് ഷീല കുര്യന്‍

എന്താണ് അനുഭവിച്ചത്, എന്താണ് യാഥാര്‍ഥ്യം എന്നൊക്കെയുള്ള കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നടപടിയുണ്ടാകുമെന്ന ഉറപ്പാണ് കിട്ടിയിട്ടുള്ളത്. മധുബാബുവിനെതിരെ മാത്രമല്ല എന്നോട് തെറ്റു ചെയ്ത എല്ലാവര്‍ക്കും എതിരെ നടപടിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് – ഷീല കുര്യന്‍ പറഞ്ഞു.

മധുബാബുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന വ്യാപക ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഷീല കുര്യന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കുമായിരുന്നു പരാതി നല്‍കിയത്. ഷീല ബാബു നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് ആരോപണ വിധേയര്‍ക്കൊപ്പം നിന്ന് അവരുടെ കൈയില്‍ നിന്ന് പണം വാങ്ങി തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്തുവെന്നാണ് പരാതി. ആദ്യ ഘട്ടത്തില്‍ പരാതിയില്‍ നടപടിയെടുത്തിരുന്നില്ല. പിന്നീടാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഷീല കുര്യന്‍ പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനലാണ് പ്രാഥമിക അന്വേഷണത്തിനുള്ള നടപടി തുടങ്ങിയത്.