രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും

കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. രാത്രി 8.30ന് ശംഖുമുഖം വ്യോമസേനാ ടെക്നിക്കല്‍ ഏരിയായിലുളള വിമാനത്താവളത്തില്‍ അദ്ദേഹം വിമാനമിറങ്ങും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിക്കും.
തുടര്‍ന്ന് രാജ്ഭവനിലെത്തി അദ്ദേഹം വിശ്രമിക്കും. നാളെ രാവിലെ 11.30ന് നിയമസഭയില്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം കണക്കിലെടുത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വനിത മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എന്നിവര്‍ പങ്കെടുക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും നടക്കും.