വിനു വി ജോൺ ന്യൂസ് അവർ ചർച്ചയിൽ റോയി മാത്യുവിനെ കൂട്ടുപിടിച്ച് നടത്തിയ അസത്യ പ്രചാരണത്തിന് പ്രസ് ക്ലബ് ഭരണസമിതിയുടെ മറുപടി

ഏഷ്യനെറ്റ് ന്യൂസ് അവറില്‍ വിനു വി ജോണും പാനലിസ്റ്റായ റോയ് മാത്യുവും സ്‌കൂട്ടര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസ് ക്ലബിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധവും അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണ്. ഈ പദ്ധതി 2024 ജനുവരിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വനിതാ കുടുംബാംഗങ്ങള്‍ക്കായി നടപ്പാക്കാന്‍ ധാരണയാവുന്നതിന് മുന്‍പ് തന്നെ കേരളത്തിലങ്ങോളമിങ്ങോളം സന്നദ്ധ സംഘടകള്‍ വഴി നടപ്പാക്കി തുടങ്ങിയിരുന്നു. ഹോണ്ട കമ്പനിയുടെ സിഎസ്ആര്‍ പദ്ധതികളില്‍ WOMEN EMPOWERMENT ഉണ്ട് എന്നത് റോയ് മാത്യവിന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ മനസ്സിലാകും. Women on wheels എന്ന് പേരിട്ട നാഷണല്‍ NGO കോണ്‍ഫെഡറേഷന്റെ പദ്ധതി വനിതാ ശാക്തീകരണത്തിനായുള്ളതാണ് എന്ന് മനസ്സിലാക്കി തന്നെയാണ് ഇതുമായി സഹകരിക്കാന്‍ ധാരണയായത്.

അന്നും ഗൂഗിള്‍ ഉള്ള ഫോണ്‍ കൈവശമുണ്ടായിരുന്ന റോയ് മാത്യുവോ വിനു വി ജോണോ ഈ പദ്ധതി തട്ടിപ്പാണെന്ന് കണ്ടെത്തി പറഞ്ഞിരുന്നുമില്ല. മാത്രമല്ല ഏഷ്യാനെറ്റിലെ 14 അംഗങ്ങള്‍ ഈ പദ്ധതിക്ക് താല്‍പര്യം അറിയിക്കുകയും ചെയ്തിരുന്നു. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്ലബ് എന്ന നിലയില്‍ അവരുടെ കുടുംബത്തിന് സഹായകരമാവുന്ന പദ്ധതി എന്ന നിലയിലാണ് എന്‍ജിഒ കോണ്‍ഫെഡറേഷനുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. പദ്ധതി തെറ്റായ വഴിയിലാണ് എന്ന് മനസ്സിലാക്കിയ ഉടനെ അതില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. ഏഷ്യാനെറ്റില്‍ നിന്ന് പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച 14 പേരടക്കം ഒരാളുടെയും പണം നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത ക്ലബ് നേതൃത്വം കാട്ടുകയും ചെയ്തു.

സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കി കൊണ്ടിരുന്ന ഒരു പദ്ധതിയിലേക്കാണ് ക്ലബ് കാലെടുത്തുവച്ചത്. ആ ഘട്ടത്തില്‍ ഈ പദ്ധതി തട്ടിപ്പാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വിനു വി ജോണിനോ റോയ് മാത്യുവിനോ ബോധ്യപ്പെടാതിരുന്നതു പോലെയാണ് ഞങ്ങള്‍ക്കും ബോധ്യപ്പെടാതിരുന്നത്. ചാനല്‍ ചര്‍ച്ചക്കിടയിലാണ് അവര്‍ക്ക് ആ ബോധ്യപ്പെടലുണ്ടായതെങ്കില്‍ പ്രസ് ക്ലബിന് 6 മാസം മുന്‍പ് തന്നെ ആ ബോധ്യപ്പെടലുണ്ടായി പദ്ധതിയില്‍ നിന്ന് പിന്‍മാറി.പ്രസ് ക്ലബ് വിരുദ്ധരുടെ ഫേസ് ബുക്ക് പോസ്റ്റുകളില്‍ പിന്തുണ കമന്റുകളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള റോയ് മാത്യുവില്‍ നിന്ന് വേറൊന്നും പ്രതീക്ഷിക്കാനുമാവില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *