അജിത് പവാറിന് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

അന്തരിച്ച മാഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് അനുശേഷചനം രേഖപ്പെടുത്തി പ്രധാനമന്ത്ര. മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു അജിത് പവാര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഭരണപരമായ കാര്യങ്ങളിലെ ആഴത്തിലുള്ള അറിവും ദരിദ്രരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള ശക്തമായ അഭിനിവേശവും അജിത് പവാറിന്റെ പ്രത്യേകതകളായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ അകാല വിയോഗം ഏറെ ഞെട്ടിക്കുന്നതും ദുഃഖകരവുമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ താന്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.
ബാരാമതിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാറും മറ്റ് അഞ്ച് പേരും സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ വിമാനം രണ്ടായി പിളര്‍ന്നു. ലിയര്‍ജെറ്റ് 45 വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി പൊട്ടിത്തെറിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.