ഖത്തറില്‍ തടവിലായിരുന്ന മുന്‍ ഇന്ത്യന്‍ നാവികരെ വെറുതെ വിട്ടതില്‍ പ്രധാനപങ്ക് വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഖത്തറില്‍ തടവിലായിരുന്ന മുന്‍ ഇന്ത്യന്‍ നാവികരെ വെറുതെ വിട്ടതില്‍ പ്രധാനപങ്ക് വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമാണെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ അമീറുമായുള്ള മോദിയുടെ വ്യക്തിപരമായ ബന്ധവും തിരശീലയ്ക്ക് പിന്നിലെ അജിത് ഡോവലിന്റെ തന്ത്രവുമാണെന്നാണ് വിവരം.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് നയതന്ത്ര കാര്യങ്ങള്‍ കൈകാര്യം ചെയ്തതെങ്കിലും പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഖത്തറുമായി സൂക്ഷ്മ ചര്‍ച്ചകള്‍ നടത്തിയത് അജിത് ഡോവലാണ്. ഇന്ത്യയുടെ നിലപാട് അറിയിക്കുന്നതിനായി ഡോവല്‍ ദോഹയിലേക്ക് നിരവധി തവണ രഹസ്യ യാത്രകള്‍ നടത്തി.ഇന്ത്യന്‍ സര്‍ക്കാരിനെ ഞെട്ടിച്ച കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഖത്തര്‍ കോടതി മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ചത്. ഇറ്റാലിയന്‍ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍, ഇന്ത്യയുടെ ഇടപെടലിലൂടെ ഡിസംബറില്‍ ഖത്തര്‍ കോടതി ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയിരുന്നു.

പിന്നീട് ദുബായില്‍ സിഒപി28 ഉച്ചകോടിയില്‍ മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ കാണുകയും ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ചും ഖത്തറില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേസ് ഖത്തറിലെ പരമോന്നത കോടതി പരിഗണിക്കുകയായിരുന്നു.മലയാളിയായ രാകേഷ് ഗോപകുമാര്‍, നവതേജ് സിംഗ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ത്, അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, സഞ്ജീവ് ഗുപ്ത, എന്നിവരായിരുന്നു ഖത്തറില്‍ തടവില്‍ കഴിഞ്ഞിരുന്നത്. എട്ടില്‍ ഏഴുപേരും ഇപ്പോള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ദോഹ കേന്ദ്രമായുള്ള ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരാണ് എട്ടുപേരും. ഇന്ത്യന്‍ നാവികസേനയില്‍ സുപ്രധാന പദവികളിലിരുന്ന ഇവര്‍ വിരമിച്ച ശേഷമാണ് ഖത്തറില്‍ ജോലിയില്‍ പ്രവേശിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *