തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാരിന് ചെലവായത് 30 ലക്ഷം രൂപ. ജനുവരി 16നും 17നുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടായിരുന്നത്.സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ആവശ്യപ്പെട്ടതുനസരിച്ച് ഈതുക ധനവകുപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് 30 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
ഏതൊക്കെ കാര്യത്തിനാണ് ടൂറിസം വകുപ്പ് 30 ലക്ഷം രൂപ ചെലവാക്കിയതെന്ന് തുക അനുവദിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസത്തിന് തലേന്ന് തന്നെ തുക അനുവദിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങുകയായിരുന്നു.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ ചൊവ്വാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പോയാണ് സ്വീകരിച്ചത്.
നടനും ബിജെപി മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത നരേന്ദ്രമോദി, കൊച്ചിയില്‍ റോഡ് ഷോ നടത്തുകയും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കൊച്ചി ഷിപ് യാര്‍ഡിന്റെ പുതി ഡ്രൈഡോക്ക്, ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍.പി.ജി. ഇറക്കുമതി ടെര്‍മിനല്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച നരേന്ദ്രമോദി ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്.
രണ്ടാഴ്ച്ചക്കിടെ പ്രധാനമന്ത്രി കേരളത്തിലെത്തുന്ന അപൂര്‍വ്വതയ്ക്കാണ് കഴിഞ്ഞ ദിവസം കൊച്ചിയും തൃശൂരും സാക്ഷ്യം വഹിച്ചത്. കേന്ദ്രത്തിനെതിരെ പരസ്യ സമരത്തിന് ഇറങ്ങാന്‍ ഒരുങ്ങുന്ന മുഖ്യമന്ത്രി തന്നെ നരേന്ദ്രമോദിയെ സ്വീകരിക്കാനും യാത്രയാക്കാനും നേരിട്ട് ഇറങ്ങിയതും കൗതുകമായി.