സിനിമയിൽ അൻപതു വർഷം പൂർത്തിയാക്കിയ നടി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങിൽ നിന്നുള്ള പൃഥ്വിയുടെ വികാരനിർഭരമായ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി’ എന്നാണ് മല്ലിക സുകുമാരനെ പൃഥ്വി വിശേഷിപ്പിക്കുന്നത്.
പൃഥ്വിയുടെ പ്രസംഗത്തിന്റെ പൂർണരൂപം:
” 14-ാം തീയതി ഞങ്ങൾ ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി യുഎസിലേക്ക് പോകേണ്ടതാണ്. ഞാൻ ഈ വീഡിയോ ഒക്കെ അയച്ചുകൊടുക്കുമ്പോഴും അമ്മ പറയുന്നുണ്ട് ‘അപ്പോൾ നീ വരില്ല അല്ലേ? ഓക്കേ’എന്ന്. പക്ഷേ എന്താണെന്ന് അറിയില്ല വിസ ഇതുവരെ വന്നിട്ടില്ല. നാളെയോ മറ്റോ വിസ കിട്ടുകയേയുള്ളൂ. ആള് അമ്മയായതുകൊണ്ട് ഒരുപക്ഷേ ജോ ബൈഡനെ വരെ നേരിട്ട് വിളിച്ചിട്ട് ‘സാറേ അവന്റെ വിസ ഇപ്പോൾ കൊടുക്കേണ്ട’ എന്നു പറഞ്ഞാലും അതിൽ അദ്ഭുതപ്പെടാനില്ല. മിക്കവാറും അങ്ങനെ എന്തോ പരിപാടി അമ്മ ഒപ്പിച്ചിട്ടുണ്ട്. എന്തായാലും ചേട്ടനും ഞാനും ഇവിടെത്തന്നെയുണ്ട്, അപ്പൊ പരിപാടിക്ക് വന്നേ പറ്റൂ എന്ന് അമ്മ പറയുകയും ചെയ്തു. അങ്ങനെ സന്തോഷപൂർവം ഞങ്ങൾ വന്നിരിക്കുകയാണ്. ഇവിടെ വന്നെത്തിയതിൽ വലിയ സന്തോഷമുണ്ട്. കാരണം സ്വന്തം കർമ മേഖലയിൽ, സിനിമയെന്നല്ല, ഏതു തൊഴിൽ മേഖലയിലായാലും 50 വർഷക്കാലം സജീവമായി പ്രവർത്തിക്കുക എന്ന് പറയുന്നത് വളരെ ചുരുക്കം ആൾക്കാർക്ക് മാത്രം കിട്ടുന്ന അപൂർവ ഭാഗ്യമാണ്. 50 വർഷക്കാലം സിനിമയിൽ സജീവമായി നിൽക്കുക എന്നത് ഒരു അതിശയമാണ്, സിനിമയിൽ പ്രവർത്തിക്കുന്ന ചേട്ടനെയും എന്നെയും പോലെയുള്ള ചെറിയ കലാകാരന്മാർക്ക് ഞങ്ങൾ ഇന്ന് പിന്നിട്ട രണ്ട് ദശാബ്ദ കാലങ്ങൾ പുറകോട്ട് നോക്കുമ്പോൾ മനസ്സിലാകും 50 വർഷം എന്നത് എത്ര വലിയ നേട്ടമാണെന്ന്.”
“ഏതാണ്ട് കാൽനൂറ്റാണ്ടോളം അമ്മ സിനിമയിൽ നിന്നും വിട്ടുനിന്ന് ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങി കൂടിയിരുന്നു. എന്നിട്ടും തിരിച്ചുവന്ന് അഭൂതപൂർവമായ റീസ്റ്റാർട്ട് അമ്മയ്ക്ക് സ്വന്തം കരിയറിൽ നടത്താൻ കഴിഞ്ഞു എന്നത് ആർട്ടിസ്റ്റ് എന്ന നിലയിൽ വലിയ കാര്യമാണ്. എനിക്കു തോന്നുന്നു ലോകത്തിൽ എത്ര മക്കൾക്ക് ഈ ഭാഗ്യം കിട്ടിക്കാണും? ഒരുപക്ഷേ ഞാൻ മാത്രമായിരിക്കും ഈ ഒരു ഭാഗ്യം കിട്ടിയത്, എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച് സിനിമ നിർമിക്കാനും അമ്മയെ സംവിധാനം ചെയ്യാനുമുള്ള ഭാഗ്യം ലഭിച്ചു. ഇത് മൂന്നും ചെയ്യാൻ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല. അതിൽ ഞാൻ അഭിമാനിക്കുന്നു. ചേട്ടൻ പറഞ്ഞതുപോലെ, അമ്മയെ അഭിനയിപ്പിക്കുമ്പോഴും മോണിറ്ററിൽ അമ്മ അഭിനയിച്ചത് കാണുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട് അമ്മയാണ് ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും മികച്ച ആർട്ടിസ്റ്റ് എന്ന്. സത്യത്തിൽ അമ്മയുടെ ടാലന്റ് വച്ച് അമ്മയ്ക്ക് ഇനിയും സിനിമയിൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.”
“അമ്മ എന്ന നിലയിൽ ഒരു സ്ത്രീ എന്ന് നിലയിൽ ഞാൻ 41 വർഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ്. ഞാൻ ആ വീഡിയോയിൽ പറഞ്ഞതുപോലെ അമ്മയാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി. എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛന്‍ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്ഛന്റെ ഒപ്പം ആംബുലൻസിലാണ്. അന്ന് ഞാൻ ആലോചിക്കുന്നുണ്ട് അമ്മ എന്ത് ചെയ്യും? പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും,” ശബ്ദമിടറി കൊണ്ടായിരുന്നു പൃഥ്വിരാജ് അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട ഓർമകളെ കുറിച്ച് സംസാരിച്ചത്.
അമ്മയെ കുറിച്ച് വളരെ വൈകാരികമായിട്ടായിരുന്നു ഇന്ദ്രജിത്തും സംസാരിച്ചത്. മക്കളുടെ വാക്കുകൾ കണ്ണീരണിഞ്ഞുകൊണ്ടാണ് മല്ലിക സുകുമാരൻ കേട്ടത്.