രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ചു പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദയും രാഷ്ട്രീയത്തെയും സംവാദങ്ങളെയും ഏത്തരം അധഃപതനത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പ്രിയങ്കാ ഗാന്ധി എക്‌സില്‍ ചോദിച്ചു. ബിജെപിയുടെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവച്ച പോസ്റ്റിനോട് ഇരുവരും യോജിക്കുന്നുണ്ടോയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന കോടീശ്വരനായ ജോര്‍ജ് സോറോസുമായി രാഹുലിനെ ബന്ധപ്പെടുത്തുന്ന തരത്തിലാണ് ബി ജെ പി എക്‌സ് പോസ്റ്റ് പങ്കുവച്ചത്. പുതിയ യുഗത്തിലെ രാവണന്‍ എന്ന വിശേഷണത്തോടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. ധര്‍മ്മത്തിനും ഭാരതത്തിനും എതിരെ പ്രവര്‍ത്തിക്കുകയും ഭാരതത്തെ നശിപ്പിക്കുകയുമാണ് രാഹുലിന്റെ ലക്ഷ്യമെന്നും ബി ജെ പിയുടെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ബി ജെ പിയുടെ ഈ പ്രവര്‍ത്തി ലജ്ജാകരമാണെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

അതേസമയം രാഹുല്‍ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച ബിജെപിയുടെ നടപടിയില്‍ പ്രതിഷേധം ഉയരുകയാണ്. എ ഐ സി സിയുടെ ആഹ്വാനം അനുസരിച്ച് ഡി സി സി കളുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് കേരള വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. നരേന്ദ്ര മോദിയുടെയും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുകയെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.ബി ജെ പിക്കും സംഘ്പരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമായതുകൊണ്ടാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *