‘പ്രിയങ്ക ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയാണ്’; സന്ദീപ് വാര്യര്‍

ഇന്ത്യയുടെ പ്രതീക്ഷയാണ് പ്രിയങ്ക ഗാന്ധിയെന്ന് സന്ദീപ് വാര്യര്‍. നാളെ കോണ്‍ഗ്രസിന്‍റെയും ഇന്ത്യയുടെയുമാണെന്ന് പ്രിയങ്കയുടെ ചിത്രം പങ്കുവച്ച് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തന്നെ വിമർശിക്കുന്ന ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരുന്നു. ഹൃദയസ്പര്‍ശിയായ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്, അദ്ദഹം ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പതിറ്റാണ്ടുകൾ ജയിലിൽ അടക്കപ്പെട്ട് പുറത്ത് വരുന്ന ഒരാൾ തനിക്ക് പ്രിയപ്പെട്ടവരെ മുഴുവൻ ഓടിച്ചെന്ന് കാണാനും അവരോടൊപ്പം ഒത്തിരി നേരം ചിലവഴിക്കാനും താല്പര്യപ്പെടും. അത് മാനുഷികമാണ്. വിദ്വേഷത്തിന്റെ ഫാക്ടറിയിൽ നിന്ന് ഇറങ്ങിയ നാൾ മുതൽ ഞാൻ കൂടുതലായി കാണുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമാണെന്നാണ്, ഫാക്ടറി നടത്തിപ്പുകാരുടെ പരിഹാസം.

ശരിയാണ്. ഒരുപാട് നാൾ, എന്തിനെന്ന് പോലുമറിയാതെ ഞാൻ ആരിൽ നിന്നാണോ അകന്നു നിന്നത്, അവരെ തന്നെയാണ് ഇന്ന് കൂടുതലായി ഞാൻ കാണാൻ പോകുന്നത്. അവരോടൊപ്പം തന്നെ സമയം ചിലവഴിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. വെറുപ്പിന്റെ ഫാക്ടറിയിൽ തുടരുന്നവരുടെ പരിഹാസങ്ങൾക്ക് മലയാളി ചുമ്മാ തൊലിച്ചു കളയുന്ന ഉള്ളി തൊലിയുടെ വില പോലും നൽകുന്നില്ല. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും ഈ വിമർശിക്കുന്ന ആരുടെയും സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. നിങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും ജീവിതത്തിൽ പകർത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കൾ ഈ രാജ്യത്ത് ഇപ്പോഴുമുണ്ട്. അവരിൽ ഒരാളായി ഞാൻ കഴിഞ്ഞോളാം; സന്ദീപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *