പ്രതിഷേധക്കാര്‍ക്കു മര്‍ദനം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സ്റ്റേഷനില്‍ ഹാജരായില്ല

ആലപ്പുഴ : നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയുടെ ബസിനു നേരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചവരെ മര്‍ദിച്ച കേസില്‍ പ്രതികളായ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാസേനയിലെ അംഗവും ഇതുവരെ പൊലീസ് സ്റ്റേഷനില്‍ ഹാജരായില്ല. ഇവര്‍ക്കു നോട്ടിസ് അയച്ചിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍, എന്നു ഹാജരാകണമെന്നു പറഞ്ഞിട്ടില്ല. ഡിസംബര്‍ 15ന് നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജ്യൂവല്‍ കുര്യാക്കോസിനെയും കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറും സുരക്ഷാ സേനാംഗം സന്ദീപും മറ്റും ചേര്‍ന്നാണു മര്‍ദിച്ചത്.

പ്രതിഷേധക്കാരെ പൊലീസ് മാറ്റിക്കൊണ്ടു പോകുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്ന് ഇറങ്ങിയാണ് അനില്‍ ഫൈബര്‍ ലാത്തികൊണ്ട് അടിച്ചത്. തലയ്‌ക്കേറ്റ അടിയില്‍ തോമസിന് ആഴത്തില്‍ മുറിവേറ്റു. തലയില്‍ അടി കൊള്ളാതെ തടഞ്ഞ അജയ്യുടെ കൈയുടെ അസ്ഥി പൊട്ടി. മര്‍ദനമേറ്റവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തതിനാല്‍ കോടതിയെ സമീപിച്ചപ്പോള്‍ കോടതി നിര്‍ദേശപ്രകാരമാണു സൗത്ത് പൊലീസ് ഡിസംബര്‍ 23ന് കേസെടുത്തത്. പരാതിക്കാര്‍ മൊഴി കൊടുത്തിട്ടുണ്ട്. 4 സാക്ഷികളും ഹാജരായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തലാണ് ഇപ്പോള്‍ നടക്കുന്നതെന്നു പൊലീസ് പറയുന്നു. പ്രതികള്‍ എന്നു ഹാജരാകുമെന്നു പൊലീസിനു വ്യക്തതയില്ല. പ്രതികള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായതിനാല്‍ പൊലീസ് ഉദാസീനത കാട്ടുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *