രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള ഇറച്ചികടകള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണം

തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള ഇറച്ചികടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചാണ് മുട്ടത്തറ പൊന്നറപ്പാലം മുതല്‍ സെയ്ന്റ് സേവ്യേര്‍സ് പള്ളിവരെയുള്ള ഇറച്ചികടകള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. വിമാനപാതയില്‍ പക്ഷിയടി സാധ്യത കണക്കിലെടുത്താണ് തീരുമാനം. രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം.
ബുധനാഴ്ച്ച രാവിലെയാണ് ആരോഗ്യവിഭാഗം എത്തി കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യാ വണ്‍ എന്ന വിമാനം പരിശീലന പറക്കലിനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്. പ്രദേശത്ത് ഇറച്ചി മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്നും നിര്‍ദേശമുണ്ട്. പക്ഷികൂട്ടങ്ങള്‍ വിമാനങ്ങളില്‍ വന്നിടിക്കുന്നത് തിരുവനന്തപുരത്ത് പതിവാണ്.
രാത്രി 7.20 ഓടെ തലസ്ഥാനത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ താമസിക്കും. നാളെ 9:30 മുതല്‍ 10 മണി വരെ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. പിന്നീട് തിരികെ 11:10 ന് തിരുവനന്തപുരത്തെത്തി കവടിയാര്‍ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴരയ്ക്ക് ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അത്താഴ വിരുന്ന് നല്‍കും. മുഖ്യമന്ത്രി, പത്നി കമല, മന്ത്രിമാര്‍, ചീഫ്സെക്രട്ടറി, ഡി.ജി.പി, അഡി. ചീഫ്സെക്രട്ടറിമാര്‍ അടക്കം 40പേര്‍ക്ക് ക്ഷണമുണ്ട്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും പങ്കെടുക്കും. 18ന് രാഷ്ട്രപതി കന്യാകുമാരി സന്ദര്‍ശിക്കും. കന്യാകുമാരിയിലെ ത്രിവേണി സംഗമം കാണാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആഗ്രഹമറിയിച്ചതോടെ കേരളത്തിലെ സന്ദര്‍ശന പരിപാടിയില്‍ മാറ്റം വരുത്തിയിരുന്നു.