ഗുസ്തിതാരങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ സമരപന്തലില്‍ എത്തി പി ടി ഉഷ

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ്ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അദ്ധ്യക്ഷ പി ടി ഉഷ. കഴിഞ്ഞ 11 ദിവസങ്ങളിലായി ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടക്കുന്ന സമരം നീണ്ടുപോവുന്നതിനിടെയാണ് പി ടി ഉഷ രംഗത്തെത്തിയത്. നേരത്തെ സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ ഉഷ രൂക്ഷവിമര്‍ശനം നടത്തിയത് വലിയ വിവാദമായിരുന്നു. ഇന്ന് രാവിലെയായിരുന്നു സന്ദര്‍ശനം നടത്തിയത്.
സമരപന്തലില്‍ പോയി സംസാരിച്ച് പുറത്തിറങ്ങിയ പിടി ഉഷ മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. അതേസമയം സമരക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉഷ പറഞ്ഞതായി സമരത്തില്‍ പങ്കെടുക്കുന്ന ഗുസ്തി താരം ബജ്റംഗ് പുനിയ പറഞ്ഞു. വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും നീതി ലഭ്യമാക്കുമെന്നും അറിയിച്ചു. എന്നാല്‍ ബ്രിജ്ഭൂഷനെ ജയിലിലടയ്ക്കും വരെ ഞങ്ങള്‍ ഇവിടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരസ്യ പ്രതിഷേധം അച്ചടക്കരാഹിത്യത്തിന് തുല്യമാണ്. കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കണമായിരുന്നു. കളിക്കാര്‍ തെരുവില്‍ പ്രതിഷേധിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി. ഇത് കളിയ്ക്കും രാജ്യത്തിനും നല്ലതല്ല’. എന്നായിരുന്നു ഉഷയുടെ വിവാദ പരാമര്‍ശം.ഈ പരാമര്‍ശത്തിന് പിന്നാലെ നിരവധി പേര്‍ ഉഷയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
സമരം ചെയ്ത ഗുസ്തി താരങ്ങളെ അപമാനിച്ച പിടി ഉഷ മാപ്പു പറയണമെന്ന് മുതിര്‍ന്ന സി പി ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടിരുന്നു. ‘ആവര്‍ത്തിച്ചുള്ള ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സഹ താരങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അവര്‍ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതുകൊണ്ട് അത് രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നില്ല. ഈ സാഹചര്യത്തില്‍ അവരുടെ ആശങ്കകളെ അവഗണിക്കുന്നതിന് പകരം അതിന് വേണ്ട നടപടികളാണ് എടുക്കേണ്ടത്’ എന്നാണ് പി ടി ഉഷയെ തള്ളി ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.