ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെക്കുറിച്ചുള്ള പി ടി ഉഷയുടെ പരാമര്‍ശം

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ അനുകൂല നിലപാടുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പരസ്യ പ്രതിഷേധത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അദ്ധ്യക്ഷ പി ടി ഉഷയ്ക്കെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് തരൂര്‍ വിമര്‍ശനം ഉന്നയിച്ചത്.
ആവര്‍ത്തിച്ചുള്ള ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സഹ താരങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അവര്‍ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതുകൊണ്ട് അത് രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നില്ല. ഈ സാഹചര്യത്തില്‍ അവരുടെ ആശങ്കകളെ അവഗണിക്കുന്നതിന് പകരം അതിന് വേണ്ട നടപടികളാണ് എടുക്കേണ്ടത്’ എന്നാണ് പി ടി ഉഷയെ തള്ളി ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.
അതേസമയം, സമരം ചെയ്ത ഗുസ്തി താരങ്ങളെ അപമാനിച്ച പിടി ഉഷ മാപ്പു പറയണമെന്ന് മുതിര്‍ന്ന സി പി ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. ഉഷയുടെ അഭിപ്രായം നീതിക്കായി പൊരുതുന്ന താരങ്ങളെ അപമാനിക്കുന്നതാണ്. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ താരങ്ങള്‍ക്ക് നീതി നിഷേധിക്കുന്നതാണ്. രാജ്യത്തിന് അപമാനമാണിത്.
ഉഷയുടെ പരാമര്‍ശത്തില്‍ ദേശീയ മഹിളാ ഫെഡറേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ആനി രാജ പറഞ്ഞു. അതിജീവിതകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഉഷ ചെയ്യേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.’പരസ്യ പ്രതിഷേധം അച്ചടക്കരാഹിത്യത്തിന് തുല്യമാണ്.
കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കണമായിരുന്നു. കളിക്കാര്‍ തെരുവില്‍ പ്രതിഷേധിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി. ഇത് കളിയ്ക്കും രാജ്യത്തിനും നല്ലതല്ല’. എന്നായിരുന്നു ഉഷയുടെ വിമര്‍ശനം.