കണ്ണുകള്‍ മൂടികെട്ടി ; കാലുകള്‍ കൂട്ടികെട്ടി ധോണിയെ വിറപ്പിച്ച ടസ്കര്‍ ഏഴാമന് കൂട്ടിലേക്ക്

പാലക്കാട്: മയക്കുവെടിയേറ്റ പി.ടി.ഏഴാമനെ ധോണിയിലെ കൂട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മയങ്ങി നിൽക്കുന്ന ആനയുടെ കാലുകളിൽ വടം കെട്ടി കണ്ണുകൾ കറുത്ത തുണി കൊണ്ടു മൂടുകയും ചെയ്തു. മറ്റ് പ്രകോപനങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ആനയുടെ കണ്ണുകൾ മൂടിയത്. ലോറിയും ക്രെയിനും ആനയുടെ അടുത്തെത്തി.
ആനയെ ലോറിയിൽ കയറ്റാനുള്ള ഒരുക്കത്തിലാണ് രക്ഷാസംഘം. രണ്ട് കുങ്കികൾ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നിൽ നിന്ന് ഉന്തിയുമാണു ലോറിയിൽ കയറ്റുക. നിലവിൽ മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ നിയന്ത്രണത്തിലുള്ള പി.ടി.ഏഴാമനെ ഉടനെ ധോണിയിലെ കൂട്ടിലെത്തിക്കും. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു.
രാവിലെ 7.10നും 7.15നും ഇടയിൽ ഇടതു ചെവിക്കു താഴെ മുൻകാലിന് മുകളിലായാണ് പി.ടി.ഏഴാമന് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത്. ആനയുടെ തുടർചലനങ്ങൾ നിരീക്ഷിച്ചുവരുന്നതായും ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.